ടൊറന്റോ : ടൈറ്റനില്‍ ഇന്ന് ഉച്ചയോടെ ഓക്സിജൻ തീരും. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ മറഞ്ഞ കോടീശ്വരന്മാരായ അഞ്ചുപേരുടെ ജീവൻ.ലോകം പ്രാര്‍ത്ഥനയില്‍ നില്‍ക്കെ രക്ഷാ പ്രവര്‍ത്തകരുടെ പ്രതീക്ഷ മങ്ങുകയാണ്.
അതിനിടെ, കടലില്‍ ടൈറ്റാനിക് അവശിഷ്ടങ്ങള്‍ക്ക് സമീപത്തുനിന്ന് ശബ്ദം പിടിച്ചെടുത്തെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് ഇന്നലെ അറിയിച്ചത് പ്രതീക്ഷയുണര്‍ത്തി. പക്ഷേ, ടൈറ്റനില്‍ നിന്നാണോയെന്ന് സ്ഥിരീകരിക്കാനായില്ല. ശബ്ദത്തിന്റെ ഉറവിടം ലക്ഷ്യമാക്കി തെരച്ചില്‍ തുടരുകയാണ്.കാനഡയുടെ പി – 3 വിമാനമാണ് സോണാര്‍ ബോയകളുടെ സഹായത്തോടെ ശബ്ദം പിടിച്ചെടുത്തത്. എന്തിലോ അടിക്കും പോലുള്ള ശബ്ദം 30 മിനിറ്റ് ഇടവിട്ട് രണ്ട് മൂന്ന് തവണ കേട്ടു.

ഉപരിതലത്തില്‍ നിന്ന് നിയന്ത്രിക്കാൻ സാധിക്കുന്ന ആളില്ലാ ചെറു സമുദ്രവാഹനങ്ങളാണ് (ആര്‍.ഒ.വി) ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താൻ ഉപയോഗിക്കുന്നത്. ഫ്രഞ്ച് കപ്പലായ ലാ അറ്റ്‌ലാൻഡെയിലെ ഇത്തരം വഹനത്തിന് അറ്റ്ലാന്റിക്കിന്റെ അടിത്തട്ടുരെ എത്താൻ ശേഷിയുണ്ട്. എന്നാല്‍, ടൈറ്റൻ ഗതി മാറിപ്പോയിട്ടുണ്ടെങ്കില്‍ കണ്ടെത്താനാകില്ല.
ഇതുവരെ 20,000 ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ തിരച്ചില്‍ നടത്തിക്കഴിഞ്ഞു. കൂടുതല്‍ കപ്പലുകളും വിമാനങ്ങളും ദൗത്യത്തില്‍ ചേര്‍ന്നിട്ടുണ്ട്. 12,500 അടി താഴ്ചയിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍. ഇവിടെ അതിമര്‍ദ്ദമാണ്. ടൈറ്റന് വിള്ളല്‍ വീണിട്ടുണ്ടെങ്കില്‍ ശക്തമായ മര്‍ദ്ദത്തെ അതിജീവിക്കാനാവില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്കാണ് ടൈറ്റനെ കാണാതായത്. കടലില്‍ ഇറക്കി ഒന്നേമുക്കാല്‍ മണിക്കൂറിനകം മാതൃകപ്പലായ പോളാര്‍ പ്രിൻസുമായി ആശയ വിനിമയം നഷ്ടപ്പെട്ടു.
ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യൻഗേറ്റ് കമ്ബനിയുടെ സി.ഇ.ഒ സ്റ്റോക്‌ടണ്‍ റഷ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹര്‍ഡിംഗ്, ബ്രിട്ടീഷ് – പാകിസ്ഥാനി കോടീശ്വരൻ ഷെഹ്‌സാദാ ദാവൂദ്, മകൻ സുലേമാൻ, ഫ്രഞ്ച് പര്യവേഷകൻ പോള്‍ ഹെൻറി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റനിലുള്ളത്. പോള്‍ ആണ് ടൈറ്റന്റെ പൈലറ്റ്.













