ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ 23കാരിയെ ബന്ധുക്കള്‍ തല്ലിക്കൊന്നു


ഗാസിയാബാദ് : വീട്ടില്‍നിന്ന് സ്വര്‍ണഭാരണങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ യുവതിയെ ബന്ധുക്കള്‍ മര്‍ദിച്ച്‌ കൊലപ്പെടുത്തി.ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. 23 വയസുകാരിയായ സമീനയാണ് കൊല്ലപ്പെട്ടത്. മോഷണം കുറ്റം സമ്മതിപ്പിക്കാൻ സമീനയെ ബ്ലേഡും വടിയും ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. നിലവിളി അയല്‍ക്കാര്‍ കേള്‍ക്കാതിരിക്കാൻ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്തു.


മര്‍ദനത്തിനൊടുവില്‍ സമീന മരിച്ചെന്ന് മനസ്സിലായപ്പോള്‍ ബന്ധുക്കള്‍ ഓടിരക്ഷപ്പെട്ടു. വീട്ടില്‍നിന്നു രണ്ടു ദിവസമായി നിര്‍ത്താതെ പാട്ടു കേട്ടതിനെ തുടര്‍ന്നു സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.തിങ്കളാഴ്ചയാണ് ഗാസിയാബാദിലെ സിദ്ധാര്‍ത്ഥ് വിഹാറില്‍ താമസിക്കുന്ന ബന്ധുക്കളായ ഹീനയുടെയും രമേശിന്റെയും വീട്ടില്‍ സമീന എത്തിയത്.


ഇരുവരുടെയും മകന്റെ ജന്മദിനാഘോഷത്തില്‍‌ പങ്കെടുക്കുന്നതിനാണ് സമീന വന്നത്. ഇതിനിടെ വീട്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ കാണാതായി. സമീനയാണ് ഇത് മോഷ്ടിച്ചതെന്ന് ദമ്ബതികള്‍ ആരോപിക്കുകയായിരുന്നു.തുടര്‍ന്ന് ഹീനയും രമേശും മറ്റുള്ളവരും ചേര്‍ന്ന് വടി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിച്ച്‌ സമീനയെ മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കുറ്റം സമ്മതിക്കാൻ ശരീരത്തില്‍ ബ്ലേഡ് ഉപയോഗിച്ച്‌ വരയ്ക്കുകയും നിലവിളി കേള്‍ക്കാതിരിക്കാൻ ഉച്ചത്തില്‍ പാട്ട് വയ്ക്കുകയും ചെയ്തു. ക്രൂരമര്‍ദനത്തെ തുടര്‍ന്ന് സമീന മരണത്തിന് കീഴടങ്ങിയതോടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ പാട്ടു നിര്‍ത്താതെ കേട്ടതോടെ അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.



Sharing is Caring