താമരശ്ശേരി ചുരത്തിൽ ഇന്നലെ തുടങ്ങിയ ഗതാഗതക്കുരുക്ക് ശമനമില്ലാതെ തുടരുന്നു


താമരശ്ശേരി ചുരത്തിൽ ഇന്നലെ തുടങ്ങിയ ഗതാഗതക്കുരുക്ക് ശമനമില്ലാതെ തുടരുന്നു. അവധി ദിവസങ്ങളിൽ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ദസറക്കായി മൈസൂരിലേക്കും ആളുകളുടെ ഒഴുക്കായതിനാൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവർ ഭക്ഷണവും വെള്ളവും കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു. മാത്രമല്ല, ഇന്നലെ എട്ടാം വളവില്‍ തകരാറിലായ ചരക്കു ലോറികളും ഗതാഗത കുരുക്കിന് ആക്കം കൂട്ടി.ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് എട്ടാംവളവിൽ അമിത ഭാരം കയറ്റി വന്ന മൾട്ടി ആക്സിൽ ലോറി നിന്നുപോയത്.


ചെറു വാഹനങ്ങൾ ഒറ്റ വരി ആയി കടന്നുപോയെങ്കിലും കടന്നുപോകാനാകാതെ കർണാടകയുടെ ബസും മറ്റൊരു ലോറിയും വളവിൽ കുടുങ്ങിയതോടെ വാഹനങ്ങൾ മൊത്തത്തിൽ നിശ്ചലമാകുകയായിരുന്നു. തുടർന്ന് ചുണ്ടയില്‍ മുതല്‍ കൈതപൊയില്‍ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് ഇന്നലെ രൂപപ്പെട്ടിരുന്നത്. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത തടസം വൈകിട്ടോടെ രൂക്ഷമായിരുന്നു. ഇന്നലെ വൈകുന്നേരം 3.30ന് ലക്കിടിയില്‍ എത്തിയവര്‍ക്ക് രാത്രി ഏഴായിട്ടും മുന്നോട്ട് നീങ്ങാനായിരുന്നില്ല. എന്നാൽ, വാഹന ബാഹുല്യം ആണ് ഇന്നത്തെ പ്രശ്നം. അര മണിക്കൂറിൽ കഴിയുന്ന ചുരം കയറ്റം ഇപ്പോൾ രണ്ടര മണിക്കൂർ വരെയാണ് നീളുന്നത്.




Sharing is Caring