അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി ‘ടൂർ ഡി കേരള’ സൈക്ലത്തോൺ ആരംഭിച്ചു

കാസർകോട്: സംസ്ഥാന സർക്കാരും കായിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കാസർകോടുനിന്നും തിരുവനന്തപുരം വരെ നടത്തുന്ന ടൂർ ഡി കേരള സൈക്ലത്തോണിനും വിളംബര ജാഥക്കും തുടക്കമായി. കാസർകോട് കളക്ടറേറ്റിൽനിന്നും ആരംഭിച്ച സൈക്ലത്തോൺ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐഎഎസ് ഫ്ലാഗ് ഓഫ് ചെയ്തു. കേരള സ്പോർട്സ് കൗൺസിൽ കാസർകോട് ജില്ലാ പ്രസിഡന്റ് ഹബീബ് റഹ്മാൻ പി ആശംസകൾ നേർന്നു. ആദ്യദിനം കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ, പയ്യന്നൂർ വഴി പാപ്പിനിശ്ശേരിയിൽ സൈക്ലത്തോൻ അവസാനിച്ചു. രണ്ടാംദിനം കണ്ണൂരിൽനിന്നും ആരംഭിക്കുന്ന സൈക്ലത്തോൺ വിവിധ ജില്ലകളിലെ പ്രധാന സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങും. പത്തു ദിവസത്തെ സൈക്ലത്തോൺ പര്യടനം ജനുവരി 22ന് തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അവസാനിപ്പിക്കും.

ഈ മാസം 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈക്ലത്തോൻ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലാദ്യമായി കേരളം രൂപം നൽകിയ പുതിയ കായിക നയം വിഭാവനം ചെയ്യുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിന് സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കുന്നതിനും കായിക സമ്പദ്ഘടന വികസിപ്പിക്കുകയും മികച്ച കായിക പശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിനുമാണ് ഉച്ചകോടിയുടെ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയിൽ 13 വിഷയങ്ങളിലായി 105 ദേശീയ, അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന കോൺഫറൻസുകൾ നടക്കും. സ്പോർട്സ് ഇക്കോണമി, സ്പോർട്സ് ഇൻഡസ്ട്രി, വെൽനെസ്, ലീഗുകളും വലിയ ചാമ്പ്യൻഷിപ്പുകളും, ഗ്രാസ്റൂട്ട്സ് ഡെവലപ്മെൻറ്, അക്കാദമികളും ഹൈ പെർഫോർമൻസ് സെൻ്ററുകളും, ഇ സ്പോർട്സ്, സ്പോർട്സ് സയൻസ്, ടെക്നോളജി & എൻജിനീയറിങ്, തദ്ദേശീയ കായിക രൂപങ്ങൾ തുടങ്ങിയവയാണ് പ്രധാന കോൺഫറൻസ് തീമുകൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *