അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ സമുദ്രപേടകമായ ടൈറ്റന്‍ തകര്‍ന്നതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കന്‍ തീര സംരക്ഷണ സേനയും ഓഷ്യന്‍ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.അമേരിക്കന്‍ തീര സംരക്ഷണ സേനയാണ് തകര്‍ന്ന ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ടൈറ്റാനികിന് 1600 മീറ്റര്‍ അകലെയായിരുന്നു അഞ്ച് ഭാഗങ്ങളായി അവശിഷ്ടങ്ങള്‍ കിടന്നിരുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 ഓടെ ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സ്ഥിരീകരണമെത്തി. കടലിന്നടിയിലെ മര്‍ദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.പാകിസ്ഥാനി വ്യവസായി ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍ ദാവൂദ്, ദുബായിലെ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ്, പൈലറ്റ് പോള്‍ ഹെന്റി നാര്‍സലെ എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. ഇവരുടെ മൃതദേഹം എവിടെ എന്ന് വ്യക്തമല്ല.

അത് കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയില്ലെന്ന് യുഎസ് തീര സംരക്ഷണ സേന വ്യക്തമാക്കി.ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സാഹസികരായ യാത്രക്കാരേയും വഹിച്ച് ഞായറാഴ്ചയാണ് ടൈറ്റന്‍ അടിത്തട്ടിലേക്ക് പുറപ്പെട്ടത്. ഒന്നേ മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും മദര്‍ഷിപ്പ് പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു.വിമാനങ്ങളും കപ്പലുകളും റോബോട്ടുകളും 17,000 ചതുരശ്ര കിലോമീറ്ററില്‍ പരതി. ഇതിനിടെ ടൈറ്റനില്‍ നിന്നെന്ന് സംശയിക്കുന്ന സിഗ്‌നലുകള്‍ കനേഡിയന്‍ വിമാനത്തിന് ലഭിച്ചതായി വിവരമെത്തിയത് പ്രതീക്ഷ കൂട്ടി.













