ഡബ്ലിൻ ഏഷ്യാകപ്പും ഏകദിന ക്രിക്കറ്റ് ലോകകപ്പും അടുത്തുനില്‍ക്കെ ഇന്ത്യൻ യുവതാരങ്ങള്‍ക്ക് മറ്റൊരു അവസരംകൂടി.അയര്‍ലൻഡിനെതിരായ മൂന്നുമത്സര ട്വന്റി20 പരമ്ബരയ്ക്ക് നാളെ ഡബ്ലിനില്‍ തുടക്കമാകും. പരിക്കുമാറിയെത്തിയ പേസര്‍ ജസ്പ്രീത് ബുമ്രയാണ് ടീമിനെ നയിക്കുന്നത്. ഏഷ്യൻ ഗെയിംസിനുള്ള ക്രിക്കറ്റ് താരങ്ങളും പരമ്ബരയിലുണ്ട്.
വെസ്റ്റിൻഡീസ് പര്യടനത്തിലുണ്ടായിരുന്ന സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, രവി ബിഷ്ണോയ് എന്നിവരും അയര്‍ലൻഡിലുമെത്തി. പരമ്ബരയില്‍ കിട്ടിയ അവസരങ്ങള്‍ പാഴാക്കിയ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന് ജിതേഷ് ശര്‍മയാണ് വെല്ലുവിളി. വിൻഡീസില്‍ മൂന്ന് കളിയില്‍ ഇറങ്ങിയ സഞ്ജുവിന്റെ സ്കോര്‍ 12, 7, 13 എന്നിങ്ങനെയായിരുന്നു. പകരം ജിതേഷിനെ കളിപ്പിക്കാനുള്ള സാധ്യത തെളിയുന്നുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനായി അഞ്ച്, ആറ് നമ്ബറിലാണ് ഇരുപത്തൊമ്ബതുകാരൻ ബാറ്റ് ചെയ്യാനിറങ്ങുന്നത്. ഏഷ്യൻ ഗെയിംസിനുള്ള ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറാണ്.

ഏകദിന ലോകകപ്പ് ടീമില്‍ ഇടംപിടിക്കാനുള്ള സഞ്ജുവിന്റെ സാധ്യത മങ്ങിയിരിക്കുകയാണ്. ലോകേഷ് രാഹുല്‍ കളിക്കുന്നില്ലെങ്കില്‍മാത്രം സഞ്ജു രണ്ടാംവിക്കറ്റ് കീപ്പറായി ഇടംപിടിച്ചേക്കും. അയര്‍ലൻഡില്‍ ഋതുരാജ് ഗെയ്ക്ക്വാദും ജയ്സ്വാളുമായിരിക്കും ഇന്ത്യക്കുവേണ്ടി ഇന്നിങ്സ് ആരംഭിക്കുക. സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ മൂന്നാംനമ്ബറില്‍ ചിലപ്പോള്‍ സഞ്ജുവിന് അവസരം കിട്ടിയേക്കും. ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനുവേണ്ടി മൂന്നാംനമ്ബറിലാണ് കളിക്കാറുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്സ് താരം ശിവം ദുബെയാണ് മറ്റൊരു ബാറ്റര്‍. റിങ്കു സിങ്ങും അവസരം കാത്തുനില്‍പ്പുണ്ട്.
ബുമ്രയ്ക്ക് ഏഷ്യാകപ്പിനുമുമ്ബ് മികവ് തെളിയിക്കാനുള്ള അവസരമാണ്. പരിക്കുകാരണം ഏറെനാളായി പുറത്തായിരുന്നു. ബുമ്രയ്ക്കൊപ്പം മറ്റൊരു പേസര്‍ പ്രസിദ്ധ് കൃഷ്ണയും തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ഡബ്ലിനില്‍ ഇന്ത്യൻ സമയം രാത്രി 7.30നാണ് കളി. രണ്ടാംമത്സരം 20നും മൂന്നാമത്തേത് 23നും നടക്കും.













