ബിജെപിക്ക് രാജസ്ഥാനില്‍ വിമത ഭീഷണി ശക്തമാകുന്നു. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട നാല് എംഎല്‍എമാര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വസുന്ധര രാജ സിന്ധ്യയുടെ അനുയായികളാണ് വിമത ഭീഷണിയുമായി നില്‍ക്കുന്നവര്‍. ഉപരാഷ്ട്രപതി ഭൈരോണ്‍ സിംഗ് ഷെഖാവത്തിന്റെ മരുമകനും ഈ സംഘത്തില്‍ ഉണ്ട്. ബിജെപി ഓഫീസ് ഉപരോധം അടക്കമുള്ള പ്രതിഷേധവുമായി ഇവരുടെ അനുയായികളും രംഗത്തിറങ്ങുകയാണ്.
കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന രാജസ്ഥാനില്‍ ഇത്തവണത്തെ പോരാട്ടം ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായകം.
ഭരണത്തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ പാളയത്തിലെ പട തിരിച്ചടിക്കുമോയെന്ന ആശങ്കയിലാണ് അശോക് ഗലോട്ട് സര്‍ക്കാര്‍. മാറിമാറി സര്‍ക്കാരുകളെ പരീക്ഷിക്കുന്ന പതിവില്‍ കണ്ണുവയക്കുന്ന ബിജെപിക്ക് വസുന്ധര രാജെ സിന്ധ്യയുടെ നീക്കങ്ങള്‍ ആശങ്കയാകുകയാണ്. അതേസമയം ഇക്കുറി ആരേയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്ന മോദിയുടെ പ്രഖ്യാപനം രാജസ്ഥാനില്‍ ഉന്നമിട്ടത് വസുന്ധ രാജെ സിന്ധ്യയെ തന്നെയായിരുന്നു. കേന്ദ്രത്തില്‍ നിന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അര്‍ജ്ജുന്‍ റാം മേഘ്വാള്‍ തുടങ്ങിയവരെയൊക്കെ മത്സരരംഗത്തിറക്കി വസുന്ധര മാത്രമല്ല നേതാവ് എന്ന സന്ദേശം ഇതിനോടകം പാര്‍ട്ടി നല്‍കി കഴിഞ്ഞു.














