യുപി ബോര്‍ഡ് ഓഫ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

2004ലെ യുപി ബോര്‍ഡ് ഓഫ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സുപ്രീം കോടതി വിധി ഉത്തര്‍പ്രദേശിലെ 17 ലക്ഷത്തോളം വരുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക ആശ്വാസമാകും. ഹൈക്കോടതി വിധി പ്രഥമദൃഷ്ട്യാ ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും മദ്രസ ബോര്‍ഡിനും നോട്ടീസ് അയക്കാനും ഉത്തരവിട്ടു.

2004ലെ നിയമം മതേതര തത്വത്തിന്റെ ലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു അലഹബാദ് ഹൈക്കോടതി കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. മദ്രസ വിദ്യാര്‍ത്ഥികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്താനും അലഹബാദ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മദ്രസ ബോര്‍ഡിന്റെ ലക്ഷ്യങ്ങളും നിയന്ത്രണ സ്വഭാവമുള്ളതാണെന്നും ബോര്‍ഡ് സ്ഥാപിക്കുന്നത് മതനിരപേക്ഷതയെ ബാധിക്കില്ലെന്നും ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി വെള്ളിയാഴ്ച അലഹബാദ് ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്തത്.

നിയമത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിക്കൊണ്ട് വിദ്യാര്‍ത്ഥികളെ സ്ഥലം മാറ്റാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇത് 17 ലക്ഷം വിദ്യാര്‍ത്ഥികളെ ബാധിക്കും. വിദ്യാര്‍ത്ഥികളെ മറ്റ് സ്‌കൂളുകളിലേക്ക് സ്ഥലം മാറ്റാനുള്ള നിര്‍ദ്ദേശം ആവശ്യമില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായമെന്ന് കേസ് പരിഗണിക്കവെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

മദ്രസകള്‍ ഗണിതം, ശാസ്ത്രം, ചരിത്രം, ഭാഷകള്‍ തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ മതേതര വിദ്യാഭ്യാസം നല്‍കുന്നുവെന്ന് ഉറപ്പാക്കുകയാണ് പൊതുതാല്‍പര്യ ഹര്‍ജിയുടെ ഉദ്ദേശമെങ്കില്‍ 2004ലെ മദ്രസ നിയമത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കലല്ല പരിഹാരമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *