
അരികൊമ്പൻ വിഷയം കോടതിയിൽ എത്തിയതിനാലാണ് പരിഹരിക്കാൻ താമസമെടുക്കുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അരികൊമ്പനെ പറ്റിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വിദഗ്ധ സമിതി യോഗം ചേർന്നേക്കും എന്നും അദ്ദേഹം അറിയിച്ചു. വിദഗ്ധ സമിതിയിൽ ഗവണ്മെന്റിന്റെ അഭിപ്രായം രേഖപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
അരികൊമ്പനെ പുനരധിവസിപ്പിക്കുന്നതിനുള്ള സ്ഥലം തീരുമാനിച്ചാൽ എല്ലാവിധ സൗകര്യങ്ങളും വനംവകുപ്പ് ഏർപ്പെടുത്തുമെന്നും എകെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു. ഹൈക്കോടതി നിർദേശപ്രകാരം അരിക്കൊമ്പനെ മാറ്റാൻ പറമ്പിക്കുളത്തിന് പകരം സർക്കാർ കണ്ടെത്തിയ സ്ഥലങ്ങൾ സമിതിക്ക് കൈമാറിയിരുന്നു. സ്ഥലങ്ങൾ സംമ്പന്ധിച്ച പ്രാഥമിക ചർച്ച ഇന്നലെ നടന്ന ഓൺലൈൻ യോഗത്തിൽ വിദഗ്ധ സമിതി നടത്തിയിരുന്നു.

ആനയുടെ ആവാസ വ്യവസ്ഥക്ക് അനുയോജ്യമായ സ്ഥലം സർക്കാരിനെ അറിയിക്കും.ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത സ്ഥലമാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഏറ്റവും അടുത്ത ദിവസം തന്നെ മയക്ക് വെടി വയ്ക്കുന്ന നടപടികളിലേക്ക് വനം വകുപ്പ് നീങ്ങും. കണ്ടെത്തിയ പുതിയ സ്ഥലത്തും ജനകീയ പ്രതിഷേധം ഉണ്ടായാൽ ഹൈക്കോടതി കേസ് പരിഗണിക്കുന്ന മെയ് 3 വരെ ഒരു നടപടികളും ഉണ്ടാവില്ല.
