സോണിലിവിലെ ചുരുളിക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല; വിശദീകരണവുമായി സെൻസർ ബോർഡ്

ചുരുളി സിനിമ വിവാദത്തിൽ ഔദ്യോഗിക പ്രതികരണവുമായി സെൻസർ ബോർഡ് രംഗത്ത്. ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ പതിപ്പ് സർട്ടിഫൈഡ് അല്ലെന്ന് സെൻസർ ബോർഡ് വിശദീകരിക്കുന്നു. സിനിമയിൽ ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് എ സർട്ടിഫിക്കറ്റാണ് തങ്ങൾ നൽകിയത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സെൻസർ ബോർഡിനെതിരെ പ്രചരിക്കുന്നതെന്നും റീജിയണൽ ഓഫീസർ പാർവതി വി വ്യക്തമാക്കി. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിൽ അശ്ലീല പദപ്രയോഗം വ്യാപകമെന്ന വിവാദത്തിനിടെയാണ് സെൻസർ ബോർഡിന്റെ വിശദീകരണം.

മയിലാടുംപറമ്പിൽ ജോയി എന്ന കുറ്റവാളിയെ പിടികൂടാൻ ചുരുളിയിലെത്തുന്ന രണ്ട് പൊലീസുകാരുടെ കഥയാണ് സിനിമ പറയുന്നത്. തങ്ങൾ എത്തിയിരിക്കുന്നത് ഒരു ലാബിറിന്തിലാണെന്ന് മനസ്സിലാക്കാതെ ചുരുളിയിൽ തങ്ങുന്ന ഇവർ പിന്നീട് ചുരുളിയുടെ ഭാഗമാവുകയാണ്. വിവിധ തരം വിശദീകരണങ്ങളും വിശകലനങ്ങളുമാണ് സിനിമയ്ക്കുള്ളത്.

ലിജോ ജോസ് പെല്ലിശ്ശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമിച്ചത്. 19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്. മധു നീലകണ്ഠനാണ് ക്യാമറ. എഡിറ്റർ ദീപു ജോസഫ്. ശീരാഗ് സജിയാണ് പശ്ചാത്തല സംഗീതം. ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *