കായിക മേഖലയുടെ ഭാവിക്ക് സ്‌പോര്‍ട്ട്‌സ് അക്കാദമികളുടെ പങ്ക് പ്രധാനം- മന്ത്രി ശിവന്‍ കുട്ടി

തിരുവനന്തപുരം: സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ആളുകളിലേക്ക് കടന്നു ചെല്ലുന്ന സ്‌പോര്‍ട്ട്‌സ് അക്കാദമികള്‍ക്ക് മാത്രമേ ഭാവിയിലേക്കുള്ള മികച്ച താരങ്ങളെ വാര്‍ത്തെടുക്കാനാകൂ എന്ന് വിദ്യാഭ്യാസ മന്ത്രി ബി. ശിവന്‍ കുട്ടി. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയില്‍ ‘അക്കാദമിക്‌സ് ആന്റ് ഹൈ പെര്‍ഫോമന്‍സ് സെന്റേഴ്‌സ്’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ താഴെക്കിടയില്‍ നിരവധി മികച്ച പ്രതിഭകളുണ്ട്. ഇവരെ കണ്ടെത്തി കൃത്യമായ പരിശീലനം നല്‍കുന്ന അക്കാദമികള്‍ നമുക്കാവശ്യമാണ്. ഇത്തരം അക്കാദമികളിലും ഫെഡറേഷനുകളിലും രാഷ്ട്രീയത്തിന് സ്ഥാനമില്ല. കളിമികവ് മാത്രമായിരിക്കണം മാനദണ്ഡം. അന്താരാഷ്ട്ര ഫുട്‌ബോള്‍ ക്ലബ്ബുകളുടെ അക്കാദമികള്‍ കേരള സര്‍ക്കാറുമായി സഹകരിക്കുന്നുണ്ട്. നിലവില്‍ ബാഴ്‌സലോണ, എസി മിലന്‍ എന്നിവരുടെ അക്കാദമികള്‍ കേരളത്തിലുണ്ട്. ഇവരിലൂടെ ആഗോള നിലവാരത്തിലുള്ള പരിശീലനം നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കും.

വിദ്യാഭ്യാസമേഖലയില്‍ കായിക പഠനത്തിന് പ്രാധാന്യം നല്‍കിയുള്ള പരിഷ്‌ക്കാരങ്ങള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. സായ് റീജിയണല്‍ ഡയറക്ടറും ലക്ഷിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പാളുമായ ജി.കിഷോര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്ട്‌സിലെ പരിശീലകന്‍ എം.വി. നിഷാദ് കുമാര്‍, എസി മിലന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആല്‍ബര്‍ട്ടോ ലെസാന്‍ഡലേ, ശ്രീ രാമചന്ദ്ര യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് മെഡിസിന്‍ തലവന്‍ ഡോ. ത്യാഗരാജന്‍, ഇന്‍ഫ്രാസ്ട്രച്ചര്‍ സ്‌പെഷ്യലിസ്റ്റ് വിക്രം പാല്‍, ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ടി. പി. ഔസേപ്പ് എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *