
റഫാല്‍ യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റും ഏക വനിതാ പൈലറ്റും ഒരാള്‍ തന്നെയാണ്, ലെഫ്റ്റനന്റ് ശിവാംഗി സിംഗ്.ഫ്രാൻസിലെ ഓറിയോണ്‍ യുദ്ധാഭ്യാസത്തില്‍ പങ്കെടുത്ത ഇന്ത്യൻ എയര്‍ഫോഴ്സ് (IAF) സംഘത്തിലെ അംഗമായിരുന്നു ശിവാംഗി. റാഫേല്‍ സ്ക്വാഡ്രണിലെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായ അവര്‍ പഞ്ചാബിലെ അംബാല ആസ്ഥാനമായുള്ള എയര്‍ഫോഴ്സിന്റെ ഗോള്‍ഡൻ ആരോസ് സ്ക്വാഡ്രണിന്റെ ഭാഗമാണ്.
ഇപ്പോഴിതാ, ചൈനയുമായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷത്തിനിടയില്‍, പ്രദേശത്ത് വിമാനം പറത്തിയതിന്റെയും ഫ്രാൻസില്‍ നടന്ന ഓറിയോണ്‍ അഭ്യാസത്തില്‍ പങ്കെടുത്തതിന്റെയും അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശിവാംഗി.ഞാൻ സംഘര്‍ഷ പ്രദേശത്ത് വിമാനം പറത്തി. ഞങ്ങളെ ഏല്‍പ്പിച്ച എല്ലാ ദൗത്യങ്ങളും ഞങ്ങള്‍ക്ക് വളരെ അനായാസമായി തന്നെ നിര്‍വഹിക്കാൻ സാധിച്ചു. ഫ്രാൻസില്‍ നടന്ന ഓറിയോണ്‍ അഭ്യാസത്തിലും ഇന്ത്യൻ വ്യോമസേനയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ സാധിച്ചതില്‍ അഭിമാനമുണ്ട്. യുഎസ്, യുകെ, ഫ്രാൻസ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങളും നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷൻ (നാറ്റോ) സൈനികരും പങ്കെടുത്തിരുന്നു.

വിവിധ രാജ്യങ്ങളിലെ യുദ്ധവിമാന പൈലറ്റുമാരെ കാണാൻ അവസരം ലഭിച്ചത് വലിയ അനുഭവമായിരുന്നു. മറ്റ് രാജ്യങ്ങളിലെ പൈലറ്റുമാര്‍ വിമാനം പറത്തുന്നത് നമ്മളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നുവെന്നും അവിടുത്തെ അന്തരീക്ഷം എങ്ങനെയാണെന്നും ഇന്ത്യൻ പൈലറ്റുമാര്‍ക്ക് പഠിക്കാൻ സാധിച്ചു. മറ്റ് രാജ്യങ്ങളിലെ വനിതാ പൈലറ്റുമാരുമായി ഇടപഴകാനുള്ള അവസരവും ലഭിച്ചെന്നും തനിക്ക് ഇതൊരു മികച്ച പഠനമാണെന്നും ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി മാദ്ധ്യമങ്ങളോട് പറഞ്ഞു.ഉത്തര്‍പ്രദേശിലെ വാരണാസി സ്വദേശിയായ ശിവാംഗി സിംഗ് 2017-ലാണ് ഇന്ത്യൻ വ്യോമസേനയില്‍ ചേരുന്നത്. ശേഷം, ഐഎഎഫിന്റെ വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ രണ്ടാം ബാച്ചിലേക്ക് കമ്മീഷൻ ചെയ്യുകയും ചെയ്തു.
2020-ല്‍ കര്‍ശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് ശേഷം റഫാല്‍ പൈലറ്റായി ശിവാംഗി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ, റഫാല്‍ പറത്തുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി മാറി ശിവാംഗി സിംഗ്. റഫേലിന് മുന്ന് മിഗ്-21 ബൈസണ്‍ വിമാനവും ശിവാംഗി പറത്തിയിരുന്നു. റഫാല്‍ ജെറ്റുകളുടെ ആദ്യ ബാച്ച് 2020 ജൂലൈ 29-നാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യൻ എയര്‍ഫോഴ്‌സിന്റെ (IAF) അവസാനത്തെ 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫ്രാൻസില്‍ നിന്നും ഇന്ത്യയില്‍ ലാൻഡ് ചെയ്തു.
