പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കേസുകളേക്കാള്‍ 28 ശതമാനം കൂടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ കോവിഡ് ബാധിച്ച് 3,71,363 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 302 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,83,178 ആയി ഉയര്‍ന്നിട്ടുണ്ട്. 30,836 പേര്‍ രോഗമുക്തി നേടി. 97.57 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത്. 36,265 പേര്‍ക്കാണ് രോഗബാധ. ഇതിന് പിന്നാലെ പശ്ചിമബംഗാള്‍, ഡല്‍ഹി, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം രാജ്യത്തെ ഒമൈക്രോണ്‍ കേസുകള്‍ 3,007 ആയി വര്‍ദ്ധിച്ചു. ഇതില്‍ 1,199 പേര്‍ രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ തന്നെയാണ് ഒമൈക്രോണ്‍ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 876 കേസുകള്‍. ഡല്‍ഹി 465, കര്‍ണാടക 333, രാജസ്ഥാന്‍ 291, കേരളത്തില്‍ 284, ഗുജറാത്ത് 204 എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയ മറ്റ് സംസ്ഥാനങ്ങള്‍.

കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും രാത്രി കര്‍ഫ്യൂ, വാരാന്ത്യ കര്‍ഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആരോഗ്യ പ്രവര്‍ത്തകരോട് സംസാരിക്കും. വൈകിട്ട് നാല് മണിക്ക് ഓണ്‍ലൈനായാണ് യോഗം. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അറുപത് വയസിന് മുകളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും ഈ മാസം പത്താം തീയതി മുതല്‍ കരുതല്‍ ഡോസ് നല്‍കും. ഇതിന് മുന്നോടിയായാണ് പ്രധാനമന്ത്രി ആരോഗ്യ പ്രവര്‍ത്തകരോട് സംസാരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *