ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ശാഖകളുടെ എണ്ണം 600 കടന്നു

മലപ്പുറം: ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ശാഖകളുടെ എണ്ണം 600 കടന്നു. അറുന്നൂറാമത്തെ ശാഖ മലപ്പുറത്തെ താനൂരില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിംഗ് മേധാവി നന്ദകുമാര്‍ വി അധ്യക്ഷനായിരുന്നു. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സല്‍മത്ത് നിര്‍വഹിച്ചു. എടിഎം- സിഡിഎം സൗകര്യവും ടച്ച് സ്‌ക്രീന്‍ സംവിധാനവുമൊക്കെ ഒത്തുചേര്‍ന്ന സെല്ഫ് സര്‍വീസ് കിയോസ്‌ക് ആയ ഫെഡ് ഇ സ്റ്റുഡിയോയുടെ ഉദ്ഘാടനം ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ശാലിനി വാര്യര്‍ നിര്‍വഹിച്ചു.

‘കേരളത്തില്‍ 600 ശാഖകള്‍ എന്ന നാഴികക്കല്ലു കടന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ബാങ്കിന്റെ വളര്‍ച്ചയുടെയും കേരളത്തോടുള്ള പ്രതിബദ്ധതയുടെയും തെളിവാണ് ഈ നേട്ടം. സെല്ഫ് സര്‍വീസ് കിയോസ്‌ക് ആയ ഫെഡ് ഇ സ്റ്റുഡിയോയോടു കൂടിയ ശാഖ എന്ന സവിശേഷതയോടെയാണ് താനൂര്‍ ശാഖ പ്രവര്‍ത്തനമാരംഭിക്കുന്നത്. താനൂരുകാര്‍ക്കും ലോകമെമ്പാടുമുള്ള അവരുടെ കുടുംബാംങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മികച്ച സേവനം നല്‍കുന്നതിലൂടെ പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിലും സംഭാവന നല്‍കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്,’ ശാലിനി വാര്യര്‍ പ്രസ്താവിച്ചു.
ബാങ്കിന്റെ കോഴിക്കോട് സോണല്‍ മേധാവി റെജി സി വി, മലപ്പുറം റീജിയണല്‍ മേധാവി സിയാദ് എം എസ്, താനൂര്‍ ബ്രാഞ്ച് മാനേജര്‍ അബ്ദുല്‍ സുബീര്‍ കെ കെ എന്നിവര്‍ കൂടാതെ ബാങ്കിന്റെ വിവിധ ശാഖകളിലെ ഉദ്യോഗസ്ഥരും ഇടപാടുകാരും മറ്റും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം ഇഫ്താര്‍ വിരുന്നും ഒരുക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *