പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് 2023 ജൂണ്‍ 16ന് റിലീസ് ചെയ്യും

വിമര്‍ശനങ്ങള്‍ക്ക് ശേഷം ആദിപുരുഷ് 2023 ജൂണ്‍ 16ന് റിലീസ് ചെയ്യും. ജനുവരി 12ന് ആദിപുരുഷ് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അജിത്തിന്റെയും വിജയ്‌യു‌ടെയും ചിത്രങ്ങള്‍ പൊങ്കല്‍ റിലീസായി എത്തുന്നതാണ് റിലീസ് മാറ്റത്തിന് കാരണം.

രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാവണനായി സെയ്ഫ് അലി ഖാന്‍ എത്തുന്നു. ഭഗവാന്‍ ശ്രീരാമനോടും ഭാരതത്തിന്‍റെ സംസ്കാരത്തോടും ചരിത്രത്തോടുമുള്ള ആരാധനയുടെ പ്രതീകമാണ് ആദിപുരുഷ് എന്നും ഓം റാവത്തിന്‍റെ പോസ്റ്റില്‍ പറയുന്നുണ്ട്. അതുകൊണ്ട് ഈ ചിത്രത്തിലൂടെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്നു.

ഒക്ടോബര്‍ രണ്ടിനാണ് ആദിപുരുഷ് ടീസര്‍ പുറത്തിറങ്ങിയത്. ടീസറിലെ വി.എഫ്.എക്സ് രംഗങ്ങള്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല എന്നാരോപിച്ച്‌ നിരവധി വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഉയര്‍ന്ന് വന്നത്. പലരും രാമായണത്തെയും ഇന്ത്യന്‍ സംസ്കാരത്തെയും ഈ ടീസറിലൂടെ അപമാനിക്കുകയാണെന്നാണ് ആരോപിച്ചത്. ടീസറിലെ രാവണന്‍റെയും ഹനുമാന്‍റെയും വേഷവും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു.

ടീസറിലെ പല കണ്ടന്‍റുകളും ഇന്ത്യന്‍ സംസ്കാരത്തോട് യോജിച്ചതല്ലെന്നും പലരും പരാതി ഉന്നയിച്ചു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയായ നരോത്തം മിശ്ര ഉള്‍പ്പെടെയുള്ള പല പ്രമുഖരും ടീസറിലെ രംഗങ്ങള്‍ മാറ്റാന്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായില്ലെങ്കില്‍ ആദിപുരുഷിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുമെന്ന് ഉള്‍പ്പെടെയുള്ള ഭീഷണികളുമായി രംഗത്തെത്തി.

ഇത്രയും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിട്ടും ചിത്രത്തിന്‍റെ സംവിധായകനായ ഓം റാവത്ത് പറഞ്ഞിരുന്നത് ചിത്രത്തിന്‍റെ ടീസര്‍ ഫോണില്‍ കണ്ടതുകൊണ്ടാണ് ഇഷ്ടപ്പെടാത്തതെന്നാണ്. ആദിപുരുഷ് ടീസര്‍ ബിഗ് സ്ക്രീനില്‍ കാണുന്നവര്‍ക്ക് അത് ഇഷ്ടമാകുമെന്നും ചിത്രത്തിലെ വി.എഫ്.എക്സ് രംഗങ്ങള്‍ക്ക് യാതൊരു കുഴപ്പവും ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *