അദ്ധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പ് വരുത്താൻ നിയമ നിര്‍മ്മാണം നടത്തുമെന്ന് മന്ത്രി

സംസ്ഥാനത്തെ അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പ് വരുത്താൻ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം സര്‍ക്കാർ പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി.

കേരളാ ഹൈക്കോടതി ഹയര്‍സെക്കണ്ടറി, സെക്കണ്ടറി, പ്രൈമറി അദ്ധ്യാപകര്‍ക്ക് യഥാക്രമം 20,000/-, 15,000/-, 10,000/- രൂപ പ്രതിമാസം വേതനം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ സ്കൂളുകളില്‍ നടത്തുന്ന പരിശോധനകളില്‍ ജീവനക്കാർക്ക് ഇപ്രകാരം വേതനം അനുവദിക്കുന്നുണ്ടോ എന്ന കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലും നടപടി എടുത്തുവരുന്നതായും മന്ത്രി സഭയെ അറിയിച്ചു.

അൺ എയ്ഡഡ് സ്കൂളുകളിലെ അനദ്ധ്യാപകര്‍ക്ക് നല്‍കേണ്ടതായ മിനിമം വേതനവും സേവന വ്യവസ്ഥകളും നിശ്ചയിച്ചുകൊണ്ട് അന്തിമ വിജ്ഞാപനം തൊഴിൽ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *