കടമെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കേരളം നല്‍കിയ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു

കടമെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിന് തിരിച്ചടി. കേരളം നല്‍കിയ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ഭരണഘടനയുടെ 293ാം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് പുറമേനിന്ന് കടമെടുക്കാനുള്ള അധികാരപരിധി ഉണ്ടോയെന്നും ഇതില്‍ കേന്ദ്രത്തിന് എത്രമാത്രം നിയന്ത്രണം ഏര്‍പ്പെടുത്താമെന്നും പരിശോധിക്കണമെന്ന് വ്യക്തമാക്കിയാണ് കേസ് ഭരണഘടന ബെഞ്ചിന് വിട്ടത്.

ഇതോടെ കേസിന്റെ അന്തിമതീരുമാനം വളരെയേറെ വൈകും.ഇടക്കാല ഉത്തരവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാതെയാണ് ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിനു വിട്ടത്. വിഷയത്തില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു. 202324 സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പു പരിധി ഉയര്‍ത്താനുള്ള വിഷയത്തില്‍ കോടതി നിര്‍ദേശം അനുസരിച്ചു ചര്‍ച്ച നടന്നിരുന്നുവെങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ധാരണയായിരുന്നില്ല.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പതിനായിരം കോടിയിലധികം രൂപ കടമെടുക്കാന്‍ അനുമതി തേടിയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച ചില തുകകള്‍ അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 21,000 കോടി രൂപയുടെ വായ്പപരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്.ഇതിനെതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.

പെന്‍ഷന്‍ ഉള്‍പ്പടെ നല്‍കുന്നതിന് അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.ഇത് ലഭിച്ചാല്‍ മാത്രമെ ശമ്പളവും പെന്‍ഷനും അടക്കം കൊടുക്കാന്‍ സാധിക്കൂ. കേസില്‍ ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *