
കൊച്ചി: ഇന്ത്യയിലെ പ്രമുഖ എനര്‍ജി സൊല്യൂഷന്‍സ് കമ്പനിയായ ലുമിനസ് പവര്‍ ടെക്നോളജീസ് ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ സോളാര്‍ പാനല്‍ ഫാക്ടറി തുറന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പിഎം സൂര്യോദയ യോജന അനുസരണമായാണ് ലുമിനസിന്‍റെ ഗ്രീന്‍ സോളാര്‍ പാനല്‍ ഫാക്ടറി.
ലുമിനസ് ബ്രാന്‍ഡ് അംബാസഡറും ഇതിഹാസ ക്രിക്കറ്റ് താരവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം, ലുമിനസ് പവര്‍ ടെക്നോളജീസിന്‍റെ എംഡിയും സിഇഒയുമായ പ്രീതി ബജാജ്, ലുമിനസ് ബോര്‍ഡ് ചെയര്‍മാനും ഷ്നൈഡര്‍ ഇലക്ട്രിക്കിന്‍റെ ഇന്‍റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ മനീഷ് പന്ത് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ലുമിനസ് എക്സ്പീരിയന്‍സ് സെന്‍റര്‍, എക്സ്പീരിയന്‍സ് ഓണ്‍ വീല്‍സ് ബസ് എന്നിവയും ചടങ്ങില്‍ അവതരിപ്പിച്ചു.
പത്ത് ഏക്കര്‍ വിസ്തൃതിയിലാണ് ഉത്തരാഖണ്ഡിലെ തന്നെ ഏറ്റവും വലിയ സോളാര്‍ പാനല്‍ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. പൂര്‍ണമായും ഓട്ടോമേറ്റഡായ പ്ലാന്‍റില്‍ ഏറ്റവും പുതിയതും അത്യാധുനികവുമായ സോളാര്‍ മൊഡ്യൂള്‍ നിര്‍മാണ സാങ്കേതികവിദ്യകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉയര്‍ന്ന ഗുണമേന്മയുള്ള മൊഡ്യൂളുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ പൂര്‍ണ റോബോട്ടിക് ഓട്ടോമേഷന്‍ കഴിവുകളുള്ള ഫ്യൂച്ചർ മൊഡ്യൂള്‍ സാങ്കേതികവിദ്യയുള്ള രാജ്യത്തെ ആദ്യത്തെ പ്ലാന്‍റ് കൂടിയാണിത്. 250 മെഗാവാട്ടാണ് നിലവിലെ ശേഷി. ഭാവിയില്‍ ഇത് ഒരു ഗിഗാവാട്ട് വരെയായി ഉയര്‍ത്താനാവും.
മികച്ച നിലവാരത്തില്‍ ഈടുനില്‍ക്കുന്ന സോളാര്‍ പാനല്‍ പ്രോജക്റ്റുകള്‍ക്കായി ലോകത്തിലെ ഏറ്റവും വലിയ റിന്യൂവബിള്‍ എനര്‍ജി സ്കൂളുകളിലൊന്നായ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്സിറ്റിയുമായി തന്ത്രപരമായ പങ്കാളിത്തവും ലുമിനസിനുണ്ട്. വിവിധ മേഖലകളില്‍ 2000 കോടി രൂപയുടെ നിക്ഷേപം നടത്തി അടുത്ത 3 വര്‍ഷത്തിനുള്ളില്‍ വളര്‍ച്ച ഇരട്ടിയാക്കാനും ലുമിനസ് പവര്‍ ടെക്നോളജീസ് ലക്ഷ്യമിടുന്നു.

