
പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഇന്ന് ആരംഭിക്കും. വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സവേറ്റര്‍ക്കാണ് അന്വേഷണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഇന്ന് മൊഴി രേഖപ്പെടുത്തും. മൊഴിയെടുപ്പ് പൂര്‍ത്തിയായ ശേഷം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനാണ് ആലോചന.
പത്തനംതിട്ട കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ കേസില്‍ കസ്റ്റഡിയില്‍ എടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ ബലമായി മോചിപ്പിച്ചു എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ആരോപണം. പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ മോചിപ്പിച്ചെന്നാണ് ആക്ഷേപം. വനംവകുപ്പിന്റെ നടപടി നിയമപരമല്ലെന്ന് എംഎല്‍എ 24 നോട് പറഞ്ഞിരുന്നു. സംഭവത്തില്‍ വനം മന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

അതേസമയം, ജനീഷ് കുമാറിന് കൂടുതല്‍ പിന്തുണയുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച DFO ഓഫീസ് മാര്‍ച്ച് നടത്തും. സിപിഎം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കോന്നി ഡിഎഫ്ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുക. അരുവാപ്പുലം, കൂടല്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
