സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്കു വേണ്ടി സർക്കാർ അനുവദിച്ച തുക വ്യാഴാഴ്ചയ്ക്കു മുമ്പ് നൽകണമെന്ന് ഹൈക്കോടതി

ഉച്ചഭക്ഷണ പദ്ധതിക്കു വേണ്ടി സ്‌കൂളുകൾക്ക് സർക്കാർ അനുവദിച്ച 55.16 കോടി രൂപ വ്യാഴാഴ്ചയ്ക്കു മുമ്പ് നൽകണമെന്ന് ഹൈക്കോടതി. പദ്ധതിക്കു വേണ്ടി 55.16 കോടി രൂപകൂടി അനുവദിച്ച് സെപ്റ്റംബർ 30ന് ഉത്തരവിറക്കിയതായി സർക്കാർ അഭിഭാഷകൻ വിശദീകരിച്ചപ്പോഴായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഈ നിർദേശം.പദ്ധതിക്കായി നേരത്തേ അനുവദിച്ച 100.02 കോടി രൂപയ്ക്കു പുറമേയാണ് 55.16 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയയത്.

ഹർജി കഴിഞ്ഞതവണ പരിഗണിച്ചപ്പോൾ കുടിശ്ശികത്തുക മുഴുവൻ 15 ദിവസത്തിനകം നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, സെപ്റ്റംബർ 30 കഴിഞ്ഞിട്ടും കുടിശ്ശികത്തുക പൂർണമായും നൽകിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് 55.16 കോടി രൂപ കൂടി പദ്ധതിക്കു വേണ്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നോഡൽ അക്കൗണ്ടിലേക്ക് കൈമാറി ഉത്തരവിറക്കിയതായി സർക്കാർ അറിയിച്ചത്.ഉച്ചഭക്ഷണ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം 163.15 കോടി രൂപയാണ്. പ്രധാനാധ്യാപകർ ചെലവാക്കിയ തുക അനുവദിക്കാൻ സർക്കാരിന്‌ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷനടക്കം നൽകിയ ഹർജികളിൽ ജസ്റ്റിസ് ടിആർ രവിയാണ് ഉത്തരവു നൽകിയത്.

ഹർജികൾ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.ഈ അധ്യയനവർഷം മുഴുവൻ ഉച്ചഭക്ഷണം നൽകാൻ ഈ തുക മതിയാകുമോയെന്നും ഇല്ലെങ്കിൽ അധിക തുക എങ്ങനെ കണ്ടെത്തുമെന്നും സർക്കാർ വിശദീകരിക്കണം. അധ്യാപകർ ഉച്ചഭക്ഷണ പദ്ധതിക്കുവേണ്ടി തുക ചെലവിടണോ എന്നതിൽ ഇതിനുശേഷം തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *