ജനങ്ങളോടുള്ള പൊലീസിന്റെ ‘എടാ, പോടാ, നീ’ വിളികൾ പൂർണമായി അവസാനിപ്പിക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി

പൊലീസ് ജനങ്ങളോടു മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കുലർ ഇറക്കണമെന്ന് കേരള ഹൈക്കോടതി. ജനങ്ങളോടുള്ള പൊലീസിന്റെ ‘എടാ, പോടാ, നീ’ വിളികൾ പൂർണമായി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മറ്റുള്ളവർ ചെറുതാണെന്നു കരുതുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറാനാകുന്നതെന്നും ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികളെന്നും കോടതി ഓർമിപ്പിച്ചു.പാലക്കാട് ആലത്തൂർ സ്റ്റേഷനിലെ എസ്ഐ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഇടപെട്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി.

അപകടത്തിൽപെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഡ്വ. ആക്വിബ് സുഹൈലിനോടു പൊലീസ് മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആരും ആരുടെയും താഴെയല്ല, ദേഷ്യമൊക്കെ സിനിമയിലേ പറ്റൂ എന്നും കോടതി പറഞ്ഞു.ഓൺലൈനായി കോടതിയിൽ ഹാജരായ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് കോടതിയുടെ നിർദ്ദേശങ്ങളിൽ ഉറപ്പു നൽകി. ആരോപണ വിധേയനായ എസ്ഐ വിആർ റിനീഷിനെ താക്കീതോടെ സ്ഥലം മാറ്റിയെന്നും വകുപ്പു തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകുമെന്നും ഡിജിപി വിശദീകരിച്ചു.

തുടർ നടപടികളിലെ പുരോഗതി വിലയിരുത്താൻ ഫെബ്രുവരി ഒന്നിനു കേസ് വീണ്ടും പരിഗണിക്കും.ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കാണ് റിനീഷിനെ മാറ്റിയത്. അഡീഷനൽ എസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണവും നടക്കുന്നുണ്ട്. എന്നാൽ ഈ ഉദ്യോഗസ്ഥൻ മുൻപു ജോലി ചെയ്ത ഹേമാംബിക നഗർ സ്റ്റേഷനിൽ പ്രശ്നം ഉണ്ടാക്കിയതു കൊണ്ടാണ് ആലത്തൂരിലേക്കു മാറ്റിയതെന്നും സ്ഥലം മാറ്റം ഒന്നിനും പരിഹാരമല്ലെന്നും കോടതിയലക്ഷ്യ ഹർജിയിൽ ഹാജരായ അഭിഭാഷകൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *