എലിപ്പനി പടരാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

ജില്ലയില്‍ എലിപ്പനി പടരാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. വെള്ളക്കെട്ടുകളിലും മലിനജലത്തിലും സമ്ബര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും എലിപ്പനി പിടിക്കാന്‍ സാദ്ധ്യതയുണ്ട്.

ഒരുപ്രാവശ്യം മാത്രം സമ്ബര്‍ക്കം ഉണ്ടായവര്‍ ആഴ്ചയിലൊരിക്കല്‍ 100 മില്ലി ഗ്രാമിന്റെ രണ്ടു ഡോക്‌സി സൈക്ലിന്‍ ഗുളിക വീതം രണ്ട് ആഴ്ച മുന്‍കരുതലായി കഴിക്കണം. എലിപ്പനി ബാധിച്ചാലും രോഗം ഗുരുതരമാകാതിരിക്കാന്‍ ഇതു സഹായിക്കും . രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ഉള്‍പ്പെടെ നിരന്തര സമ്ബര്‍ക്കം ഉണ്ടായവരും പ്രദേശവാസികളും സമ്ബര്‍ക്കം നീണ്ടുനില്‍ക്കുന്ന എല്ലാ ആഴ്ചകളിലും ഒരുതവണ രണ്ടു ഗുളിക വീതം കഴിക്കണം.

ശരീരത്തില്‍ വ്രണങ്ങളോ മുറിവോ ഉള്ളവര്‍ക്ക് ഇത്തരം സമ്ബര്‍ക്കം ഉണ്ടായാല്‍ ദിവസേന രണ്ടു നേരം 100 മില്ലി ഗ്രാമിന്റെ ഓരോ ഗുളിക വീതം അഞ്ചു ദിവസം തുടര്‍ച്ചയായി കഴിക്കണം. തുടര്‍ന്നുള്ള ആഴ്ച്ചകളില്‍ മലിനജല സമ്ബര്‍ക്കം ഉണ്ടാകുന്നുവെങ്കില്‍ ഇവര്‍ ആഴ്ചയിലൊരിക്കല്‍ രണ്ടുഗുളിക വീതം തുടര്‍ന്നും കഴിക്കേണ്ടതുണ്ട്.

രണ്ടു മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് കിലോഗ്രാം തൂക്കത്തിന് നാലു മില്ലി ഗ്രാം എന്ന കണക്കിന് ആഴ്ചയിലൊരിക്കലാണ് ഗുളിക കൊടുക്കേണ്ടത്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ വഴിയും ഗുളിക സൗജന്യമായി ലഭിക്കും. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഈ ഗുളിക കഴിക്കാന്‍ പാടില്ല. പകരം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം അമോക്‌സിസിലിന്‍ എന്ന മരുന്ന് കഴിക്കേണ്ടതാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *