റഷ്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ച വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു


റഷ്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ച വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ തലവനായ അദേഹത്തിന്റെ മരണത്തിന് പിന്നില്‍ പ്രസിഡന്റ് പുടിനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രിഗോഷും പത്തുപേരും സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.റഷ്യന്‍ വാര്‍ത്ത ഏജന്‍സി ഇന്റര്‍ഫാക്‌സ് പ്രിഗോഷിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.


സ്വകാര്യ വിമാനത്തിലുണ്ടായിരുന്ന ഏഴ് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. മോസ്‌കോയുടെ വടക്ക് ട്വറിലാണ് അപകടം നടന്നത്. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.2014ല്‍ രൂപീകരിക്കപ്പെട്ട റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവനാണ് പ്രിഗോഷിന്‍. യുക്രെയ്ന്‍ യുദ്ധത്തിന്റെ മുന്‍നിരയില്‍ വാഗ്‌നര്‍ ഗ്രൂപ്പുമുണ്ടായിരുന്നു. എന്നാല്‍, പിന്നീട് പ്രിഗോഷിന്റെ നേതൃത്വത്തിലുള്ള സംഘം റഷ്യയില്‍ അട്ടിമറിക്ക് ശ്രമിച്ചു.


മോസ്‌കോയെ ലക്ഷ്യമിട്ട് നീങ്ങിയ വാഗ്‌നര്‍ ഗ്രൂപ്പിനെ ചര്‍ച്ചകള്‍ക്കൊടുവിലാണ് പിന്തിരിപ്പിച്ചത്.പ്രിഗോഷ് സഞ്ചരിച്ച ജെറ്റ് വിമാനം റഷ്യന്‍ വ്യോമപ്രതിരോധ സേന, മോസ്‌കോയുടെ വടക്ക് പ്രദേശത്ത് വെടിവച്ചിട്ടതാണെന്ന് വാഗ്‌നര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനല്‍ ഗ്രെ സോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



Sharing is Caring