
വി കെ ജോയ്
നുറ് മാധ്യമ പ്രവര്‍ത്തകര്‍ അടക്കം 200 ഓളം ജീവനക്കാര്‍ വഴിയാധാരമായിരിക്കയാണ്.

കൊച്ചി: വിവിധ തൊഴില്‍ മേഖലകളിലെ നീതി നിഷേധത്തെക്കുറിച്ചും, ആനുകൂല്യങ്ങള്‍ നല്‍കാതെയുള്ള പിരിച്ചുവിടലിനെപ്പറ്റിയുമൊക്കെ നിരന്തരം വാര്‍ത്ത കൊടുക്കുന്നവരാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍. പക്ഷേ നൂറ് മാധ്യമ പ്രവര്‍ത്തകരെ അടക്കം 200 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടാന്‍ ഒരുങ്ങുമ്പോഴും, മാധ്യമ ലോകത്തിന് പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കേരളം മാധ്യമ ലോകം കണ്ട ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണ്, മലയാളത്തില്‍ പുതിയ വാര്‍ത്താ ചാനല്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച ‘ദി ഫോര്‍ത്ത്’ ചാനലില്‍ സംഭവിക്കുന്നത്.
സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍, മാനേജിങ് ഡയറക്ടര്‍ വാക്കാല്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ജൂലൈ മാസം അവസാനം വരെ മാത്രമേ ഓഫീസ് ഔദ്യോഗികമായി പ്രവര്‍ത്തിക്കുകയുള്ളൂവെന്നും ആഗസ്റ്റ് മാസം അവസാനം വരെ ജീവനക്കാര്‍ക്ക് ഓഫീസില്‍ വെറുതെ വരാന്‍ അനുവാദമുണ്ടായിരിക്കുമെന്നുമാണ് എം.ഡി ജീവനക്കാരോട് അറിയിച്ചത്. ഇതോടെ നുറ് മാധ്യമ പ്രവര്‍ത്തകര്‍ അടക്കം 200 ഓളം ജീവനക്കാര്‍ വഴിയാധാരമായിരിക്കയാണ്.
മറ്റ് വാര്‍ത്താ ചാനലുകളില്‍ നിന്നൊക്കെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് ദി ഫോര്‍ത്ത് അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചത്. ഒരുവര്‍ഷത്തിനകം സാറ്റലൈറ്റ് വാര്‍ത്ത ചാനലായി മാറുമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ഇവിടേക്ക് എത്തിച്ചത്. ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയാ വണ്‍, ട്വന്റി ഫോര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നെല്ലാം ജീവനക്കാര്‍ മെച്ചപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് ദി ഫോര്‍ത്തില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഇവരൊക്കെയും ജോലിയും നഷ്ടപ്പെട്ട് വരുമാനവും നിലച്ച നിലയിലാകുകയാണ്.
വാര്‍ത്താ ചാനല്‍ തുടങ്ങുമെന്ന് പ്രചരിപ്പിച്ച ദി ഫോര്‍ത്ത് അതിന്റെ നിക്ഷേപകരെക്കുറിച്ച് വലിയ പ്രചാരണം നടത്തിയിരുന്നില്ല. ഇപ്പോള്‍ സാമ്പത്തിക സ്രോതസ് നിലച്ചതിനെ തുടര്‍ന്ന് ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷമായി തടസപ്പെട്ടിരിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ചാനലിന്റെ ആസ്ഥാന മന്ദിരം നിര്‍മ്മിച്ച കരാറുകാരന്‍ ഇതേ കെട്ടിടത്തിനുള്ളില്‍ ജീവനൊടുക്കിയിരുന്നു.
ക്യാമറ, എഡിറ്റ് സ്യൂട്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിക്കാനുളള ഉപകരണങ്ങള്‍, ഗ്രാഫിക്സ് എക്യുപ്മെന്റ്സ് തുടങ്ങിയ ഉപകരണങ്ങളുടെ ഇറക്കുമതിയാണ് പണമില്ലാത്തതിനെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. ചാനല്‍ സംപ്രേഷണം തുടങ്ങാനായില്ലെങ്കിലും ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളവും കൊടുത്തിരുന്നു. പ്രധാന നിക്ഷേപകര്‍ പിന്‍വാങ്ങായതോടെ പുതിയ നിക്ഷേപകരെ കണ്ടെത്തി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഇത് പരാജയപ്പെട്ടു. പ്രധാന നിക്ഷേപകരായിരുന്ന മള്‍ട്ടിസ്റ്റേറ്റ് സഹകരണ സ്ഥാപനമായ ഫാം ഫെഡ് പണം നല്‍കുന്നത് നിര്‍ത്തി. ഇതോടെയാണ് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി തുടങ്ങിയത്.
എം ഡി ധൂര്‍ത്തടിച്ചു നശിപ്പിച്ചു
ജൂനിയര്‍ തലത്തിലുളള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇപ്പോള്‍ മറ്റ് സ്ഥാപനങ്ങളില്‍ അവസരമുള്ളത്. പല മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളിലെ മാനേജ്മെന്റിന്റെ ആവശ്യങ്ങള്‍ നിരാകരിച്ചാണ് ദി ഫോര്‍ത്തിലേക്ക് കുടിയേറിയത്. പക്ഷേ, കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. വാര്‍ത്താ ചാനല്‍ തുടങ്ങുമെന്ന് പറഞ്ഞ് ഫോര്‍ത്ത് മാനേജ്മെന്റ് തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നാണ് ജോലി നഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ പരാതി.
നിക്ഷേപകരില്‍ നിന്ന് ലഭിച്ച പണം മാനേജിങ്ങ് ഡയറക്ടര്‍ റിക്സണും ചില ഡയറക്ടര്‍മാരും ചേര്‍ന്ന് ധൂര്‍ത്തടിച്ച് കളയുകയായിരുന്നു എന്നും ജീവനക്കാര്‍ പരാതിപ്പെടുന്നുണ്ട്. മാനേജ്മെന്റിന്റെ തലപ്പത്തുളളവര്‍ സാമ്പത്തികമായി സുരക്ഷിതത്വം നേടിയപ്പോള്‍ വിശ്വസിച്ച് ജോലിയില്‍ ചേര്‍ന്ന തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. മംഗളം, ന്യൂസ് എക്സ് ചാനലുകളിലായി 5 വര്‍ഷം മാത്രം പ്രവര്‍ത്തന പരിചയമുള്ളയാളാണ് മാനേജിങ്ങ് ഡയറക്ടറായി സ്ഥാപനത്തെ നയിച്ചത്.
ചാനല്‍ സംരംഭം ഉപേക്ഷിച്ചുകൊണ്ട് സ്ഥാപനം പൂട്ടുന്നകാര്യം ദി ഫോര്‍ത്ത് മാനേജ്മെന്റ് ജീവനക്കാരെ അറിയിച്ചത്. 35,000 രൂപയില്‍ താഴെയുളളവര്‍ക്ക് മാത്രമാണ് ഇതുവരെ ജൂണിലെ ശമ്പളം ലഭിച്ചത്. ഫാം ഫെഡ് പണം നല്‍കുന്നത് നിര്‍ത്തിയതില്‍ പിന്നെ ശമ്പളം വളരെ വൈകിയാണ് നല്‍കുന്നത്.
ന്യൂസ് ഡയറക്ടര്‍, കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ തുടങ്ങി ഉന്നത തസ്തികയിലുളളവര്‍ക്ക് മെയ് മാസത്തെ ശമ്പളം പോലും കിട്ടിയിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നുളള ജിമ്മി ജെയിംസായിരുന്നു ദി ഫോര്‍ത്തിന്റെ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍. ടൈംസ് ഓഫ് ഇന്ത്യയുടെ ഉന്നത തസ്തികയിലുണ്ടായിരുന്ന ബി. ശ്രീജനാണ് ന്യൂസ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നത്.
