മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലക്കയറ്റം കുറവെന്ന് ഭക്ഷ്യമന്ത്രി നിയമസഭയില്‍

മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലക്കയറ്റം കുറവാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. വിലക്കയറ്റം ദേശീയ പ്രതിഭാസമാണ്. വിപണിയില്‍ ഫലപ്രദമായി ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തിനായെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ടി വി ഇബ്രാഹിം എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. വിലക്കയറ്റത്തില്‍ ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പതിനഞ്ചാം നിയമസഭ കണ്ട ഏറ്റവും വലിയ തമാശയാണ് മന്ത്രി പറഞ്ഞതെന്ന് മന്ത്രിയുടെ മറുപടിക്ക് പിന്നാലെ ടി വി ഇബ്രാഹിം പ്രതികരിച്ചു. ‘വില വര്‍ധനവ് ഇല്ലെന്ന് പറയാനുള്ള ധൈര്യം മന്ത്രിക്ക് എവിടെ നിന്ന് കിട്ടി? വിലക്കയറ്റത്തില്‍പ്പെട്ട് ജനം നട്ടംതിരിയുകയാണ്. അരിയുടെ വില ഇങ്ങനെ കുതിച്ചാല്‍ അന്നം മുട്ടും.

അരിവില കൂടുമ്പോള്‍ സപ്ലൈകോ നോക്കുകുത്തിയാകുന്നു. പൊതുവിപണിയില്‍ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. മാര്‍ക്കറ്റ് വില നിയന്ത്രിക്കുന്നില്ല. ജനങ്ങള്‍ ദുരിതത്തിലാണെന്ന കാര്യം സര്‍ക്കാര്‍ മറക്കരുത്. സര്‍ക്കാരും മന്ത്രിയും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം’, എംഎല്‍എ ആവശ്യപ്പെട്ടു.

എംഎല്‍എയുടെ വിശദീകരണത്തില്‍ ഗുരുതര പിഴവുകളുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം രാഷ്ട്രീയപ്രേരിതമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *