ലണ്ടൻ: ഹംഗറിയുടെ എതിർപ്പ് പരിഹരിച്ച്, യുദ്ധസാഹചര്യത്തിലുള്ള യുക്രെയിനിന് ധനസഹായം നല്‍കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരിക്കുന്നു.വ്യാഴാഴ്‌ച്ച നടന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയില്‍ സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങി ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബാന് അവസാനം യൂണിയന്റെ തീരുമാനത്തിന് വഴങ്ങേണ്ടതായി വരികയായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.
യൂറോപ്യൻ യൂണിയനില്‍ നിന്നുള്ള നിയമപരമായ ഒരു സസ്പെൻഷൻ വരെ ഹംഗറിക്ക് നേരിടേണ്ടി വന്നേക്കാം എന്ന മുന്നറിയിപ്പ് പോലും ചില അംഗ രാജ്യങ്ങള്‍ നല്‍കുകയുണ്ടായി പോലും.
വ്യാഴാഴ്‌ച്ച നടന്ന അടിയന്തിര ഉച്ചകോടി പക്ഷെ കേവലം ഒരു മണിക്കൂർ മാത്രമെ നീണ്ടു നിന്നുള്ളു. 27 നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ഏകനായി, യുക്രെയിന് സഹായം നല്‍കുന്നതിനെ ആഴ്‌ച്ചകളോളം എതിർത്ത ഓർബാൻ, ഈ ഒരുമണിക്കൂറില്‍ തന്റെ സമ്മതവും അറിയിക്കുകയായിരുന്നു.
50 ബില്യൻ യൂറോ (54 ബില്യൻ പൗണ്ട്) യുടെ സഹായമായിരിക്കും യൂറോപ്യൻ യൂണിയൻ യുക്രെയിന് നല്‍കുക.ഈ തീരുമാനം യുക്രെയിനും യൂറോപ്യൻ യൂണിയനും ഒരുപോലെ അനുഗ്രഹമായി മാറിയിരിക്കുകയാണ്. ഈ തുക, അടുത്ത നാല് വർഷക്കാലത്തേക്ക് യുക്രെയിന്റെ സമ്ബദ്ഘടന സജീവമായി നില്‍ക്കാൻ സഹായിക്കും. അമേരിക്കൻ സഹായം കോണ്‍ഗ്രസ്സില്‍ തീരുമാനമാകാതിരിക്കുന്ന സാഹചര്യത്തില്‍ ഇത് യുക്രെയിനെ ഏറെ സഹായിക്കും. അതിനൊപ്പം, റഷ്യക്കെതിരെ, യുക്രെയിനെ പിന്തുണച്ചുകൊണ്ട് ഉറച്ചു നില്‍ക്കുന്ന യൂറൊപ്യൻ യൂണിയന്റെ ഐക്യത്തിന്റെ പരസ്യ പ്രകടനമാവുകയും ചെയ്തു.
ഈ ഒരു തീരുമാനത്തിലെത്താൻ, യൂറോപ്പിലെ പ്രധാന നേതാക്കള്‍ എല്ലാവരും തന്നെ ഓർബാനുമായി ചർച്ചകള്‍ നടത്തിയതായി അറിയുന്നു. കൂടുതല്‍ കർശനമായ നിലപാടെടുത്തത് യൂറോപ്യൻ കൗണ്‍സില്‍ പ്രസിഡണ്ട് ചാള്‍സ് മിഷേല്‍ ആയിരുന്നു. യുക്രെയിൻ ഫണ്ടുമായി ബന്ധപ്പെട്ട് വാർഷിക വീറ്റോ അധികാരം ഉപയോഗിക്കണം എന്ന ഹംഗറിയുടെ ആവശ്യം അനുവദിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
മാത്രമല്ല, യൂറോപ്യൻ യൂണിയന്റെ നിയമങ്ങളിലെ ചില അസാധാരണ വകുപ്പുകള്‍ ഉപയോഗിച്ച്, ഓർബാന്റെ വോട്ടിങ് അവകാശം തന്നെ എടുത്തുകളയുന്നതിനുള്ള ശ്രമങ്ങള്‍ ചില രാജ്യങ്ങള്‍ ആരംഭിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി എന്ന് ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.പിന്നീട് തന്റെ തീവ്ര വലതുപക്ഷ ആദർശവുമായി ഏറെ ഒത്തുപോകുന്ന ഉറ്റസുഹൃത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോനിയുമായി അദ്ദേഹംബുധനാഴ്‌ച്ച വൈകിട്ട് കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ബ്രസ്സല്‍സിലെ ഹോട്ടല്‍ അമിഗോയുടെ എക്സിക്യുട്ടീവ് സ്യുട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച്ച.
യൂറോപ്യൻ യൂണിയൻ തീരുമാനത്തോട് ഒപ്പം ചേർന്ന് നിന്നാല്‍, നേടാൻ ഏറെയുണ്ടെന്ന് മെലോണി ഓർബാനെ പറഞ്ഞു മനസ്സിലാക്കിക്കുകയായിരുന്നു.യുക്രെയിൻ ഫണ്ടിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 2025- ലെ വിശകലന സമയത്ത് ചർച്ച ചെയ്യാമെന്നും, ഇപ്പോള്‍ അക്കാര്യം ചൂഴ്ന്ന് നോക്കേണ്ട സമയമല്ലെന്നും മെലോനി അദ്ദേഹത്തെ അറിയിച്ചു. പിന്നീടുള്ള ഊഴം ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന്റെതായിരുന്നു. തുടർന്ന് ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ട്, ജർമ്മൻ ചാൻസലർ ഒലാഫ് ഷോള്‍സെന്നിവരുമായും ചർച്ച ചെയ്തതോടെ യുക്രെയിന് ധനസഹായം നല്‍കുന്നതിന് ഹംഗറിയും സമ്മതം മൂളുകയായിരുന്നു.
അടിസ്ഥാന സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ ഏറെ ക്ലേശിക്കുന്ന യുക്രെയിന് വലിയൊരു സഹായമാണ് ഈ ഫണ്ടിങ്. വായ്പയായും ധനസഹായമായും അടുത്ത നാല് വർഷക്കാലം കൊണ്ടാണ് ഈ തുക നല്‍കുക. അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ദീർഘകാല ബജറ്റ് തയ്യാറാക്കുന്നതിനും ഈ തുക ഉപകാരപ്പെടും. ചർച്ചകള്‍ ആരംഭിക്കുമ്ബോള്‍ തന്നെ, റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന ഓർബാൻ ഈ നീക്കത്തെ എതിർത്തിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ നടന്ന ചർച്ചയിലും യുക്രെയിന് ധനസഹായം നല്‍കുന്നതിന്റെ അദ്ദേഹം എതിർത്തിരുന്നു.ഇതിന് മുൻപ് പലപ്പോഴും ഹംഗറിയും യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളും തമ്മില്‍ നിരവധി വിഷയങ്ങളില്‍ കലഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. റോള്‍, ഓഫ് ലോ, അഴിമതി, ന്യുനപക്ഷ അവകാശം എന്നി വിഷയങ്ങളിലെല്ലാം ഹംഗറി യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളുമായി കൊമ്ബുകോർത്തിരുന്നു. തുടർന്ന് യൂറോപ്യൻ യൂണിയന്റെ നിയമങ്ങളും മൂല്യങ്ങളും അനുസരിക്കുന്നത് വരെ ഏതാണ് 20 മില്യൻ യൂറോയുടെ സഹായം ഹംഗറിക്ക് വിലക്കുകയും ചെയ്തിരുന്നു.
അതുപോലെ, റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിലും, സ്വീഡന്റെ നാറ്റോ പ്രവേശനത്തിലും ഹംഗറി യൂറോപ്യൻ രാജ്യങ്ങള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. റഷ്യ ഒരിക്കലും യൂറോപ്പിന് ഒരു ഭീഷണിയാവില്ലെന്നാണ് ഓർബാന്റെ പക്ഷം. അതുകൊണ്ടു തന്നെ യുക്രെയിനെ പിന്താങ്ങേണ്ടതില്ല എന്നും അദ്ദേഹം പറയുന്നു. ഇപ്പോഴത്തെ തീരുമാന പ്രകാരം യുക്രെയിൻ ഈ ഫണ്ട് എപ്രകാരം ഉപയോഗിച്ചു എന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ കമ്മീഷൻ ഒരു റിപ്പോർട്ട് തയ്യാറാക്കും. അംഗരാജ്യങ്ങള്‍ക്ക് ആ റിപ്പോർട്ട് ചർച്ചക്കെടുത്ത് ആശങ്കകള്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്താം. ഈ സഹായം ഇനി യൂറോപ്യൻ പാർലമെന്റില്‍ പാസാകേണ്ടതുണ്ട്.