അണ്ടർ 19 ലോകകപ്പില്‍ സെമി ഫൈനലിൽ ഇന്ത്യ നേപ്പാളിനെതിരെ


അണ്ടർ 19 ലോകകപ്പിലെ അപരാജിത കുതിപ്പില്‍ സെമി ഫൈനല്‍ ബെർത്തും സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു.സൂപ്പർ സിക്സിലെ രണ്ടാം മത്സരത്തില്‍ നേപ്പാളാണ് നിലവിലെ ജേതാക്കള്‍ക്ക് പ്രതിയോഗികള്‍. ഗ്രൂപ് റൗണ്ടിലെ മൂന്ന് കളികളും ജയിച്ചെത്തിയ ഇന്ത്യ സൂപ്പർ സിക്സില്‍ ന്യൂസിലൻഡിനെ കശക്കിയെറിഞ്ഞാണ് തുടങ്ങിയത്.


രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ നേപ്പാളിനെ തോല്‍പിച്ചാല്‍ ഇന്ത്യക്ക് അനായാസം സെമിയിലെത്താം. പരാജയപ്പെട്ടാലും സാധ്യത നിലനില്‍ക്കുന്നുണ്ട്.സൂപ്പർ സിക്സിലെ രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് അവസാന നാലിലിടം. ഗ്രൂപ് ഒന്നില്‍ ആറ് വീതം പോയന്റുമായി ഇന്ത്യയും പാകിസ്താനുമാണ് മുന്നില്‍. ഇന്ത്യയുടെ റണ്‍റേറ്റ് 3.327ഉം പാകിസ്താന്റെത് 1.064ഉം ആണ്. റണ്‍റേറ്റിലെ വലിയ വ്യത്യാസത്തില്‍ ഒന്നാംസ്ഥാനത്തുള്ള ഇന്ത്യ തോറ്റാല്‍ സാങ്കേതികമായി നാളത്തെ പാകിസ്താൻ-ബംഗ്ലാദേശ് മത്സരത്തിന്റെ ഫലത്തിനുകൂടി നോക്കേണ്ടിവരും.


നാല് പോയന്റുമായി മൂന്നാംസ്ഥാനത്താണ് ബംഗ്ലാദേശ്. ഒരു പോയന്റുമില്ലാതെ അഞ്ചാമത് നില്‍ക്കുന്ന നേപ്പാളിനെ സംബന്ധിച്ച്‌ ഇന്ത്യയെ തോല്‍പിക്കുകയെന്നത് ബാലികേറാമലയാണ്. അങ്ങനെ സംഭവിച്ചാലും ബംഗ്ലാദേശ് പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യയുടെ റണ്‍റേറ്റിനെ മറികടക്കല്‍ വലിയ വെല്ലുവിളിയാവും.



Sharing is Caring