എം.പി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിപ്പിക്കുന്നതിനെതിരെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. എം.പി സ്ഥാനം നഷ്ടമായതോടെ വസതിക്ക് അവകാശം ഉന്നയിക്കാനാവില്ലെന്ന് ജസ്റ്റിസ് ഗിരീഷ് കത്പാലിയ ഉത്തരവിട്ടു.
പാർലമെൻറ് പുറത്താക്കിയതിന് സ്റ്റേ ഇല്ലാത്തതിനാൽ വസതി നിലനിർത്താൻ ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അടിയന്തരമായി വസതി ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് ഒഴിപ്പിക്കേണ്ടി വരുമെന്ന് കാണിച്ച് എം.പിമാരുടെ വസതിയും കേന്ദ്ര സർക്കാറിന്റെ മറ്റു വസ്തുവകകളും കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് മഹുവ മൊയ്ത്രക്ക് നോട്ടീസ് നൽകിയിരുന്നു.
പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ വ്യവസായി ദർശൻ ഹരിനന്ദാനിയിൽനിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന പരാതിയിൽ എത്തിക്‌സ് കമ്മിറ്റി കുറ്റക്കാരിയായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് മഹുവയെ ലോക്‌സഭയിൽനിന്ന് പുറത്താക്കിയത്.