കോണ്‍ഗ്രസ് വിഷയത്തില്‍ സിപിഎ- സിപിഎം പരസ്യ പോര് മുറുകുന്നു

കോണ്‍ഗ്രസ് വിഷയത്തില്‍ സിപിഎ- സിപിഎം പരസ്യ പോര് മുറുകുന്നു. കോണ്‍ഗ്രസ് അനുകൂല സിപിഐ നിലപാട് ഇടത് പക്ഷത്തിന് തിരിച്ചടിയാകുമെന്ന കോടിയേരിയുടെ വാദം കാനം രാജേന്ദ്രന്‍ തള്ളി. ബിജെപിയെ നേരിടാന്‍ ദേശീയ തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വിപുലമായ കൂട്ടായ്മ വേണം. കോണ്‍ഗ്രസിനെ അതില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ലെന്ന് കാനം വ്യക്തമാക്കി. പ്രതിപക്ഷ കൂട്ടായ്മയെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാനാകുമോ എന്നും കാനം ചോദിച്ചു.

ബിജെപിക്ക് രാഷ്ട്രീയ ബദലായി കോണ്‍ഗ്രസിനെ ഉയര്‍ത്തിക്കാട്ടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെയാണ് കാനം വിശദീകരണവുമായി രംഗത്തെത്തിയത്. ബിനോയ് വിശ്വം ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോടുള്ള നിലപാടാണ് വ്യക്തമാക്കിയത്. കേരളത്തില്‍ ബാധകമല്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു. സിപിഐ നേതാക്കള്‍ സ്വീകരിക്കുന്ന നിലപാട് കേരളത്തിലെ ഇടതുപക്ഷത്തിന് ദോഷം ചെയ്യുമെന്നായിരുന്നു കോടിയേരിയുടെ വാദം. എന്നാല്‍ ഇടതുപക്ഷം യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുമ്പോഴും 2004 ല്‍ കേരളത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെന്ന് കാനം ഓര്‍മ്മിപ്പിച്ചു. കേരളത്തില്‍ അന്ന് സഖ്യം ബാധിച്ചില്ലെന്നും കാനം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ ആ സ്ഥാനത്തേക്ക് മറ്റ് പാര്‍ട്ടികള്‍ കടന്നു വരും. എന്നാല്‍ എല്ലാ സ്ഥലത്തും ഇടതുപക്ഷത്തിന് വരാനാവില്ല എന്നതാണ് സിപിഐ നിലപാടെന്ന് കാനം വ്യക്തമാക്കി. പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ഇടതുപക്ഷത്തിനു മാത്രമേ ബദല്‍ രൂപീകരിക്കാന്‍ കഴിയൂ എന്ന മുഖ്യമന്ത്രിയുടെ നിരീക്ഷണം സിപിഎമ്മിന്റെ നിലപാടാണ്. രണ്ടു പാര്‍ട്ടികളും അവരുടെ നിലപാടുകളാണ് വ്യക്തമാക്കിയതെന്ന് കാനം പറഞ്ഞു.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ തകര്‍ച്ചയുടെ ശൂന്യത നികത്താനുള്ള കെല്‍പ്പ് ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിനില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം പറഞ്ഞതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് സിപിഐ മുഖപത്രം ജനയുഗത്തില്‍ മുഖപ്രസംഗം വന്നിരുന്നു. എന്നാല്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് നയങ്ങളാണെന്നായിരുന്നു കോടിയേരിയുടെ വാദം. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ കോണ്‍ഗ്രസ് പ്രതിരോധം തീര്‍ക്കാന്‍ തയ്യാറാകുന്നില്ലന്നും കോടിയേരി വിമര്‍ശിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *