രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കും

ഇന്ന് ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്‌ളിക് ദിനം. രാജ്യത്തിന് കരുത്തുറ്റ ഭരണഘടനയും സുസജ്ജമായ സ്വയംഭരണ സംവിധാനവും നിലവില്‍ വന്ന ദിവസം. പൂര്‍ണ സ്വരാജ് സാധ്യമായ ദിവസത്തിന്റെ ആഘോഷങ്ങള്‍ക്കാണ് രാജ്യം ഇന്ന് ഒരുങ്ങുന്നത്. ഡല്‍ഹിയില്‍ വര്‍ണാഭമായ ചടങ്ങുകള്‍ തയാറായിക്കഴിഞ്ഞു.

രാജ്യ തലസ്ഥാനത്ത് കര്‍ശന സുരക്ഷാ പരിശോധനകളും ഇന്ന് നടക്കും.രാഷ്ട്ര നിര്‍മാണത്തിന് ജീവത്യാഗം ചെയ്തവരെ അനുസ്മരിച്ചുകൊണ്ടാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഈവര്‍ഷത്തെ റിപ്പബ്ലിക് ദിന സന്ദേശം. ഇന്ത്യ ഐക്യത്തിന്റെ ഉത്തമ മാതൃകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യം അതിവേഗം വളരുകയാണെന്നും ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടി.രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള പ്രൗഢപരേഡാണ് റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യആകര്‍ഷണം. രാഷ്ട്രപതി രാവിലെ പതാക ഉയര്‍ത്തും. പിന്നാലെ എല്ലാവരും ഒരുമനസോടെ ജനഗണമന ചൊല്ലും. അതിന് ശേഷമാണ് സായുധ ആര്‍മി റെജിമെന്റിന്റെ 21 ഗണ്‍ സല്യൂട്ട് നടക്കുക. നാവികസേനയും വ്യോമസേനയും കരുത്തുകാട്ടും.

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തും വിപുലമായ ആഘോഷമാണ് നടക്കുക. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാകയുയര്‍ത്തും. ചടങ്ങില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും. വിവിധ സേനാ വിഭാഗങ്ങളുടേയും അശ്വാരൂഢ സേന, സംസ്ഥാന പൊലീസ്, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടേയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും. ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. നിയമസഭയില്‍ 9.30 ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പതാകയുയര്‍ത്തും. മറ്റ് ജില്ലകളില്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പതാക ഉയര്‍ത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *