വടകര ലോക്സഭാ മണ്ഡലത്തിൽ പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്നെത്തും

വടകര ലോക്സഭാ മണ്ഡലത്തിൽ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും. പുറമേരിയിലും കൊയിലാണ്ടിയിലും പാനൂരിലുമാണ് എൽഡിഎഫ് റാലിയിൽ പങ്കെടുക്കുക. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മുഖ്യമന്ത്രി മണ്ഡലത്തിൽ എത്തുന്നത് വലിയ പ്രതീക്ഷയോടെയാണ് ഇടത് നേതാക്കൾ കാണുന്നത്.

കെ കെ ശൈലജയ്ക്കെതിരായ വ്യകതിഹത്യ പരാതിയിൽ കേസെടുക്കുന്നത് തുടരുകയാണ് പൊലീസ്. ഇന്നലെ ഒരു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനെ പ്രതി ചേർത്തിരുന്നു. തൊട്ടിൽപാലം സ്വദേശി മെബിൻ ജോസിനെതിരെയാണ് തൊട്ടിൽപാലം പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങൾ വഴി അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിലാണ് നടപടി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

ശൈലജയ്ക്കെതിരായ സൈബർ ആക്രമണം നടത്തിയെന്ന പരാതിയില്‍ ഇതുവരെ രജിസ്റ്റർ ചെയ്തത് ആറ് കേസുകളാണ്. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ രണ്ടിടത്ത് കേസെടുത്തിരിക്കുന്നത്. വടകരയിലും മട്ടന്നൂരിലുമാണ് മിൻഹാജിനെതിരായ കേസെടുത്തിരിക്കുന്നത്. പേരാമ്പ്ര പൊലീസ് സൽമാൻ വാളൂർ എന്ന ലീഗ് പ്രവർത്തകനെതിരെ കേസെടുത്തിട്ടുണ്ട്.

നേരത്തെ ന്യൂ മാഹി പൊലീസ് ലീഗ് പ്രാദേശിക നേതാവിനെതിരെയും കേസെടുത്തിരുന്നു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ഹരിഷ് നന്ദനത്തിനെതിരെയാണ് അഞ്ചാമത്തെ കേസ്. ബാലുശ്ശേരി പൊലീസാണ് കേസെടുത്തത്. വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പ്രചാരണം നടത്തി എന്ന പരാതിയിലാണ് കേസെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *