ബില്ലുകള്‍ ഒപ്പിടാത്തതിന് ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്തതിന്റെ പേരില്‍ മുഖ്യമന്ത്രിയും ഗവര്‍ണറുമായി വീണ്ടും ഏറ്റുമുട്ടല്‍. ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എന്നാല്‍, കോടതിയിലെത്തുമ്പോള്‍ സര്‍ക്കാരിന്റെ ആശയക്കുഴപ്പം തീരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.സുപ്രീംകോടതിയെ സമീപിക്കുന്നതോടെ സര്‍ക്കാരിന്റെ ആശയക്കുഴപ്പം തീരും.

സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്ന ആളല്ല ഞാന്‍. എന്റെ ബോധ്യത്തിലാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ പണം പാഴാക്കാന്‍ താത്പര്യം ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.ഗവര്‍ണറുടെ ഈ നടപടിക്കെതിരെ കേസ് നടത്താന്‍ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലിന്റെ സേവനം തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്റെ അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ വിശദമായ ചര്‍ച്ചയ്ക്കുശേഷം പാസാക്കിയ എട്ട് ബില്‍ ഗവര്‍ണറുടെ മുന്നിലാണ്. നീണ്ട കാലയളവിനുശേഷവും ഇവ നിയമമായിട്ടില്ല.തെലങ്കാന, തമിഴ്‌നാട് എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ ഇത്തരം പ്രശ്‌നം നേരിടുന്നുണ്ട്. തെലങ്കാന സര്‍ക്കാര്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടാതെ മറ്റൊന്നും സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബില്ലുകളില്‍ കാലവിളംബം വരുത്തുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണ്. ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണങ്ങളും സ്പഷ്ടീകരണങ്ങളും മന്ത്രിമാരും ഉദ്യോഗസ്ഥരും അദ്ദേഹത്തെ സന്ദര്‍ശിച്ച് നല്‍കി. അതിനുശേഷവും തീരുമാനമുണ്ടായില്ല. സര്‍വകലാശാലാ നിയമങ്ങളുടെ ഏകീകരണം യുജിസി നിബന്ധനകള്‍ക്ക് അനുസൃതമായി നടപ്പാക്കാനുള്ള ബില്ലിന്റെ കാര്യത്തില്‍പ്പോലും അംഗീകാരം ലഭിച്ചിട്ടില്ല. ഇതുകാരണം, സര്‍വകലാശാലകളിലെ വിസി നിയമനം സ്തംഭിച്ചവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *