കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും എത്രയും വേഗം ഇന്റർനെറ്റ് ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി

കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും എത്രയും വേഗം ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയും ഇന്റർനെറ്റ് സേവനങ്ങളും ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇടമലക്കുടി ഉൾപ്പെടെ എല്ലായിടത്തും ഉടൻ കണക്റ്റിവിറ്റി ഉറപ്പാക്കി, ആരും പിന്തള്ളപ്പെട്ടു പോകാതെ, എല്ലാവരും കെ ഫോൺ എന്ന റിയൽ കേരള സ്റ്റോറിയുടെ ഭാഗമാകുന്നുവെന്ന് ഉറപ്പുവരുത്തുകയാണു സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് – കെ ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.’അങ്ങനെ അതും നമ്മൾ നേടിയിരിക്കുന്നു’ എന്നു പറഞ്ഞാണു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണു കേരളമെന്നും അതു കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനാണു കെ ഫോൺ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റു സർവീസ് പ്രൊവൈഡർമാർ നൽകുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാവും കെ ഫോൺ സേവനങ്ങൾ ലഭ്യമാക്കുക.

കേരളത്തിലാകമാനം, നഗര-ഗ്രാമ വ്യത്യാസമില്ലാതെ, ഉയർന്ന സ്പീഡിലും ഒരേ ഗുണനിലവാരത്തോടുകൂടിയും കെ ഫോൺ സേവനങ്ങൾ ലഭ്യമാക്കും – മുഖ്യമന്ത്രി പറഞ്ഞു.വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന്റെയും പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിന്റെയും ഉത്തരവാദിത്തബോധമുള്ള ഭരണനിർവ്വഹണത്തിന്റെയും ഉദാഹരണമാണു കെ ഫോൺ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ നടക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 700 ലധികം ഇന്റർനെറ്റ് ഷട്ട്ഡൗണുകളാണുണ്ടായത്. അവിടെയാണ് എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കി ഒരു സംസ്ഥാന സർക്കാർ ഇടപെടുന്നത്. ആ നിലയ്ക്ക്, സർക്കാരിന്റെയും നാടിന്റെയും ജനകീയ ബദൽ നയങ്ങളുടെ ഉദാഹരണമായി മാറുകയാണ് കെ ഫോൺ പദ്ധതി.

നിലവിൽ 17,412 സർക്കാർ സ്ഥാപനങ്ങളിൽ കെ ഫോൺ ലഭ്യമാക്കിക്കഴിഞ്ഞു. 9,000 ത്തിലധികം വീടുകളിൽ കണക്ഷൻ നൽകാനുള്ള കേബിൾ വലിച്ചിട്ടുണ്ട്. 2,105 വീടുകൾക്കു കണക്ഷൻ നൽകിക്കഴിഞ്ഞു. കെ ഫോണിന്റെ അടിസ്ഥാന സേവനങ്ങൾ നൽകുന്നതിനുള്ള കാറ്റഗറി 1 ലൈസൻസും ഔദ്യോഗിക ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസും നേരത്തെ ലഭിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *