പ്രവാചകനിന്ദയില്‍ ഏഴ് രാജ്യങ്ങള്‍ ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിച്ചു വരുത്തിയെന്ന് കേന്ദ്രം

ഡല്‍ഹി: പ്രവാചകനിന്ദയില്‍ ഏഴ് രാജ്യങ്ങള്‍ ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിച്ചു വരുത്തിയെന്ന് കേന്ദ്രം. കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് പാര്‍ലമെന്‍റില്‍ മറുപടി നല്‍കിയത്.

ഖത്തര്‍, കുവൈത്ത്, പാകിസ്താന്‍, ഇറാന്‍, ഇന്തോനേഷ്യ, മലേഷ്യ, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളാണ് അംബാസഡര്‍മാരെ വിളിച്ചുവരുത്തിയത്.

ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മ പ്രവാചകനെതിരെ നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം. രാജ്യത്തിനകത്തും പുറത്തും പ്രതിഷേധമുയര്‍ന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രസ്താവനക്കെതിരെ രംഗത്ത് വന്നതോടെ നുപൂര്‍ ശര്‍മയെ ബി.ജെ.പി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

നുപൂര്‍ ശര്‍മയുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞിട്ടുണ്ട്. സുപ്രിംകോടതി ഹരജി പരിഗണിക്കുന്ന ആഗസ്ത് 10 വരെയാണ് അറസ്റ്റ് തടഞ്ഞത്. ഹരജിയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസ് അയച്ചു. ജീവന് ഭീഷണിയുണ്ടെന്ന് നുപൂര്‍ ശര്‍മ സുപ്രിംകോടതിയില്‍ പറഞ്ഞു. എല്ലാ കേസുകളും ഒറ്റ ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും നുപൂര്‍ ശര്‍മ ആവശ്യപ്പെട്ടു.

ഒന്‍പത് എഫ്‌ഐആറുകളാണ് വിവിധ സംസ്ഥാനങ്ങളിലായി നുപൂറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തനിക്കെതിരെ സുപ്രിംകോടതി രൂക്ഷ വിമര്‍ശനം നടത്തിയ സാഹചര്യത്തില്‍ തന്റെ ജീവന്‍ അപകടത്തിലാണെന്നും തനിക്ക് ബലാത്സംഗ ഭീഷണിയുണ്ടെന്നും നുപൂര്‍ ശര്‍മ ഹരജിയില്‍ വ്യക്തമാക്കി.

നേരത്തെ സുപ്രിംകോടതി നുപൂര്‍ ശര്‍മയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. പ്രവാചകനിന്ദയെ തുടര്‍ന്ന് രാജ്യത്തുണ്ടായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി നുപൂര്‍ ശര്‍മയാണെന്നും അവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.

”നുപൂര്‍ ശര്‍മയുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ സംവാദം ഞങ്ങള്‍ കാണുകയായിരുന്നു. അവര്‍ പറഞ്ഞ രീതിയും പിന്നീട് താനൊരു അഭിഭാഷകയാണെന്ന് പറഞ്ഞ് അതിനെ ന്യായീകരിച്ചതും അപമാനകരമാണ്. രാജ്യത്തോട് മുഴുവന്‍ അവര്‍ മാപ്പ് പറയണം. രാജ്യത്ത് സംഭവിച്ചതിനെല്ലാം അവര്‍ മാത്രമാണ് ഉത്തരവാദി” – ജസ്റ്റിസ് സൂര്യകാന്തും ജെ.ബി പാര്‍ദിവാലയും അംഗങ്ങളായ ബെഞ്ച് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *