സുപ്രീംകോടതി കൊളീജിയത്തോട് യുദ്ധം പ്രഖ്യാപിച്ച് കേന്ദ്രം. ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമനകാര്യത്തില്‍ കൊളീജിയം അയച്ച 19 പേരുകള്‍ തിരിച്ചയച്ചുകൊണ്ടാണ് സുപ്രീംകോടതിയുമായി തുറന്ന പോരിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.
മടക്കിയവയില്‍ കൊളീജിയം രണ്ടാമതും ശുപാര്‍ശ ചെയ്ത 10 പേരുകള്‍ കൂടി ഉള്‍പ്പെടുന്നു. രണ്ടാമതും ശുപാര്‍ശ ചെയ്‌താല്‍ അംഗീകരിക്കുക എന്ന കീഴ്‌വഴക്കമാണ് കേന്ദ്രം ഇതോടെ ലംഘിച്ചിരിക്കുന്നത്.

കൊളീജിയം ശുപാര്‍ശകളില്‍ കേന്ദ്രം അടയിരിക്കുന്നത് നിയമസംവിധാനത്തെ സ്‌തംഭിപ്പിച്ചെന്ന സുപ്രീംകോടതി വിമര്‍ശത്തിന് പിന്നാലെയാണ് നടപടി. കൊളീജിയത്തിന്റെ അന്തസ്സ് ഇടിക്കുന്ന പ്രസ്താവനയുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു അടുത്തിടെ പരസ്യമായി രംഗത്തെത്തിയിരുന്നു.
കൊളീജിയം സംവിധാനത്തിന് വിശ്വാസ്യത ഇല്ലെന്നും ജഡ്‌ജി നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതാണ് ഉചിതമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. എല്ലാ ഭരണഘടനാ സംവിധാനങ്ങള്‍ക്കുമുള്ള പോരായ്‌മകള്‍ കൊളീജിയത്തിനും ഉണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പ്രതികരണം.













