ചൈന സര്‍ക്കാരിന്റെ കോവിഡ് ലോക്ഡൗണിനെതിരെ രാജ്യത്തു ജനകീയ പ്രതിഷേധം. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ലോക്ഡൗണിനിടെ 10 പേര്‍ ഫ്ലാറ്റിലെ അഗ്നിബാധയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആരംഭിച്ച പ്രതിഷേധം മറ്റു മേഖലകളിലേക്കും പടര്‍ന്നു.
ഷിന്‍ജിയാങ് പ്രവിശ്യാ തലസ്ഥാനമായ ഉറുംഖി നഗരത്തില്‍ മൂന്ന് മാസമായി തുടരുന്ന ലോക്ഡൗണില്‍ സഹികെട്ടാണ് ജനം തെരുവിലിറങ്ങിയത്. ചൈനീസ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നടപടി നേരിടുന്ന ഉയിഗുര്‍ മുസ്‌ലിംകളും ഇവിടെ പ്രതിഷേധത്തിനിറങ്ങി. പിന്നാലെ വെള്ളിയാഴ്ച അധികൃതര്‍ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിരുന്നു. സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ കേട്ടിട്ടില്ലാത്ത ചൈനയില്‍ ഷാങ്‌ഹായ് ഉള്‍പ്പെടെ വന്‍ നഗരങ്ങളില്‍ ശനിയാഴ്ച വൈകിട്ടു നടന്ന ലോക്ഡൗണ്‍ വിരുദ്ധ പ്രതിഷേധത്തില്‍ ആയിരങ്ങളാണു പങ്കെടുത്തത്.

ഷാങ്‌ഹായ് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ പ്രസിഡന്റ് ഷി ചിന്‍പിങ് രാജിവയ്ക്കണമെന്നു മുദ്രാവാക്യങ്ങളുയര്‍ന്നു. സമരക്കാര്‍ക്കു നേരെ സേന കുരുമുളുക് സ്പ്രേ പ്രയോഗിച്ചു. ഒട്ടേറെപ്പേര്‍ അറസ്റ്റിലായി. ബെയ്ജിങ്ങിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന സാഹചര്യത്തില്‍ വിവിധ സര്‍വകലാശാലാ വിദ്യാര്‍ഥികളും തെരുവിലിറങ്ങി.
ഞായറാഴ്ച രാജ്യമൊട്ടാകെ 40,000 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ ക്ലസ്റ്ററുകള്‍ കണ്ടെത്താന്‍ വ്യാപകമായ പരിശോധനകള്‍ ആരംഭിച്ചു. കോവിഡ് തടയാനായി അനിശ്ചിതമായ സമ്ബൂര്‍ണ അടച്ചിടലാണു ചൈനയിലെ നയം. ഈ സമയം പുറത്തിറങ്ങാനോ ജോലിക്കു പോകാനോ വിലക്കുണ്ട്.
പ്രസിഡന്റിനെതിരെയുള്ള പരസ്യ പ്രതിഷേധം ചൈനയിലെ അധികാരകേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ബെയ്ജിങ്ങിലും നാന്‍ജിങ്ങിലും യൂണിവേഴ്സിറ്റികളിലേയ്ക്കു പ്രതിഷേധ സമരം വ്യാപിച്ചത് വിദ്യാര്‍ഥി സമരത്തിന്റെ തിക്താനുഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ചൈനയെ അമ്ബരപ്പിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളാണ് ഉറുംഖിയില്‍ ഫ്ലാറ്റിലെ അഗ്നിബാധയില്‍ മരണസംഖ്യ ഉയര്‍ത്തിയെന്ന വാദം സര്‍ക്കാര്‍ നിഷേധിച്ചെങ്കിലും നഗരത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ ഉടനെ തന്നെ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു.
പ്രതിഷേധ സമരക്കാര്‍ ശൂന്യമായ ബാനറുകളും ഫ്ലാറ്റില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പൂക്കളുമായാണു പലയിടത്തും എത്തിയത്. കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വൂഹാന്‍ നഗരത്തിലും പ്രതിഷേധ റാലി നടന്നു. റാലിയുടെ ചിത്രങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതു സര്‍ക്കാരിനു മറ്റൊരു തലവേദനയായി.












