സിദ്ധാർത്ഥൻറെ മരണത്തിൽ ഹോസ്റ്റലിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി സിബിഐ സംഘം

പൂക്കോട് വെറ്റിനറി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥൻറെ മരണത്തിൽ ഹോസ്റ്റലിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി സിബിഐ സംഘം. ഇന്നലെ ഉച്ചയോടെയാണ് സിബിഐ ഉദ്യോഗസ്ഥർ പൂക്കോട് കോളജിലെത്തിയത്.

സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ നടത്തിയ മുറികളും മരിച്ച നിലയിൽ കണ്ടെത്തിയ ഡോർമെറ്ററിയിലെ കുളിമുറിയും അടക്കം സംഘം പരിശോധിച്ചു.ഡൽഹിയിൽ നിന്നുള്ള നാല് പേർക്ക് പുറമെ കൂടുതൽ മലയാളികളായ ഉദ്യോഗസ്ഥർ അടുത്ത ദിവസം തന്നെ അന്വേഷണസംഘത്തിൻറെ ഭാഗമാകും. നാളെയാണ് സിദ്ധാർത്ഥൻറെ ബന്ധുക്കളോട് മൊഴി രേഖപ്പെടുത്താനായി വയനാട്ടിലെത്താൻ നിർദേശം നൽകിയിട്ടുള്ളത്.

ഈ മൊഴികൾ രേഖപ്പെടുത്തിയ ശേഷമാകും മറ്റ് നടപടിക്രമങ്ങളിലേക്ക് അന്വേഷണസംഘം കടക്കുക. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളുടെ എണ്ണം കൂടാനുള്ള സാധ്യത കൽപ്പിക്കുന്നുണ്ട്. പൊലീസ് കണ്ടെത്തിയ 20 പ്രതികൾക്ക് പുറമെയാണിത്.

അതേസമയം മരണത്തെ കുറിച്ച് അന്വേഷിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ന് മുതൽ പൂക്കോട് കോളേജിൽ സിറ്റിംഗ് നടത്തുന്നുണ്ട്. അഞ്ച് ദിവസം കമ്മീഷൻ പൂക്കോട് ഉണ്ടാകും. അധ്യാപകർ, വിദ്യർത്ഥികൾ, അനധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയാറാക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *