സുരക്ഷാ പ്രശ്‌നത്തെ തുടര്‍ന്ന് അര്‍ജന്റീനിയന്‍ താരങ്ങളുടെ ബസ് പരേഡ് ഉപേക്ഷിച്ചു


സുരക്ഷാ പ്രശ്‌നത്തെ തുടര്‍ന്ന് അര്‍ജന്റീനിയന്‍ താരങ്ങളുടെ ബസ് പരേഡ് ഉപേക്ഷിച്ചു. തുറന്നിട്ട ബസിലേക്ക് ആരാധകന്‍ ബ്രിഡ്ജില്‍ നിന്നും ചാടിയതോടെയാണ് പരേഡ് ഉപേക്ഷിച്ചത്. താരങ്ങളെ ഹെലികോപ്റ്ററില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സുരക്ഷാ പ്രശ്‌നം മൂലം താരങ്ങള്‍ ഹെലികോപ്റ്ററില്‍ നിന്നാണ് ആരാധകരെ അഭിവാദ്യം ചെയ്തത്.


ലോകകപ്പുമായി വരുന്ന അര്‍ജന്റീനിയന്‍ ടീമിനെ വരവേല്‍ക്കാന്‍ ഏകദേശം 4 ദശലക്ഷത്തിലധികം ആളുകളാണ് ബ്യൂണസ് ഐറിസില്‍ തടിച്ചുകൂടിയിരുന്നത്.ജനത്തിരക്ക് മൂലം തുറന്നിട്ട ബസില്‍ സെന്‍ട്രല്‍ ഒബെലിസ്‌കോ സ്മാരകത്തിലേക്ക് എത്താന്‍ സാധിച്ചില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) മേധാവി ചിക്വി ടാപിയ പറഞ്ഞു. ഒരു ആരാധകന്‍ ഓവര്‍ഹെഡ് ബ്രിഡ്ജില്‍ നിന്ന് ബസിലേക്ക് ചാടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അര്‍ജന്റീന കളിക്കാര്‍ ഇരുന്ന ബസിന്റെ ഓവര്‍ഹെഡ് ഡെക്കിലേക്ക് ആണ് ഇയാള്‍ വീണത്. ഇയാള്‍ക്ക് പിന്നാലെ മറ്റൊരാളും കൂടി ബസിലേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടത്തിനിടയിലേക്ക് വീഴുകയായിരുന്നു.


എല്ലാ ആളുകളെയും അഭിവാദ്യം ചെയ്യാന്‍ അവര്‍ ഞങ്ങളെ അനുവദിക്കുന്നില്ല. അകമ്പടി സേവിച്ച സുരക്ഷാ ഏജന്റുമാര്‍ ഞങ്ങളെ മുന്നോട്ട് പോകാന്‍ അനുവദിച്ചില്ല. എല്ലാ ചാമ്പ്യന്‍ കളിക്കാരുടെയും പേരില്‍ ഒരായിരം ക്ഷമാപണം,’ എന്ന് സംഭവത്തിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി ട്വീറ്റ് ചെയ്തു.



Sharing is Caring