രണ്ടാം മോദിസർക്കാരിന്റെ അവസാന ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുന്നു. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്. ആരോഗ്യ രംഗത്ത് ബജറ്റിൽ വലിയ പ്രാധാന്യം നൽകുന്നു. കൂടുതൽ മെഡിക്കൽ കോളേജുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.നവീകരിക്കുക, നടപ്പിലാക്കുക, മാറ്റം വരുത്തുക എന്നതാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി വിശദമാക്കി.
സെർവിക്കൽ ക്യാൻസർ പ്രതിരോധത്തിന് വാക്‌സിൻ ലഭ്യമാക്കും. ഗർഭിണികൾക്കും ശിശുക്കൾക്കും പുതിയ പദ്ധതി ആവിഷ്‌കരിക്കും. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആശ വർക്കർമാരെ ഉൾപ്പെടുത്തി.2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. രണ്ടാം എൻഡിഎ സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയാണ് ധനമന്ത്രി. വനിതാശാക്തീകരണത്തിനായി നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നുവെന്നും ഗ്രാമീണ മേഖലയിൽ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ അനുവദിച്ച വീടുകളിൽ 70 ശതമാനത്തിന്റേയും ഉടമകൾ വനിതകളാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.