കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കുടുംബത്തെ മുഖ്യപ്രതി ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ കുടുംബത്തെ മുഖ്യപ്രതി സ്വാലിഹ് ഭീഷണപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്ത്.

വീടിന് മുന്നില്‍ ഇര്‍ഷാദിന്റെ മൃതദേഹം കൊണ്ടിടുമെന്നായിരുന്നു ഭീഷണി. ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ ശേഷമാണ് സ്വാലിഹ് ഭീഷണി സന്ദേശമയച്ചത്. സ്വാലിഹ് വിദേശത്തേക്ക് പോയത് ഇര്‍ഷാദിന്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണെന്നാണ് പൊലീസ് നിഗമനം.

ഇര്‍ഷാദിന്റെത് ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. തട്ടി​ക്കൊണ്ടുപോയവര്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത ഫോട്ടോയില്‍ ഇര്‍ഷാദി​ന്റെ കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു. ഇര്‍ഷാദ് ക്രൂരമായമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ നെറ്റിയില്‍ മുറിവുണ്ടായിരുന്നതായി പറയുന്നുണ്ട്.

ഇര്‍ഷാദിന്‍റെ കൈവശം കൊടുത്തയച്ച സ്വര്‍ണം കൈമാറാതിരുന്നതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത്.
ഇര്‍ഷാദിനെ കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസില്‍ വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാന്‍ അന്വേഷണസംഘം നടപടികള്‍ തുടങ്ങി. കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപകിനെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *