അടിമാലിയില്‍ വയോധികയുടെ കൊലപാതകത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

അടിമാലിയില്‍ വയോധികയുടെ കൊലപാതകത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അടിമാലി കുരിയന്‍സ് പടിയില്‍ താമസിക്കുന്ന 70 വയസ്സുകാരി ഫാത്തിമ കാസിമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ഇന്നലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലം കിളികൊല്ലൂര്‍ സ്വദേശികളായ കെജെ അലക്‌സ്, കവിത എന്നിവരെയാണ് പാലക്കാട് നിന്ന് പൊലീസ് പിടികൂടിയത്.

സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. അടിമാലിയില്‍ നിന്ന് മുങ്ങിയ പ്രതികള്‍ പാലക്കാട് എത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേര്‍ ഫാത്തിമയുടെ വീട്ടില്‍ വന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതാണ് കേസില്‍ നിര്‍ണായകമായത്.കവര്‍ച്ചാ ശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് വിവരം.

പ്രതികള്‍ ഫാത്തിമ കാസിമിന്റെ പക്കല്‍ നിന്നും കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ അടിമാലിയിലെ ഒരു സ്വര്‍ണക്കടയില്‍ വിറ്റിരുന്നു. അതിന് ശേഷമാണ് ഇവര്‍ ഇവിടെ നിന്നും പോയത്. അവശേഷിച്ച സ്വര്‍ണാഭരണങ്ങള്‍ ഇവരുടെ കൈയ്യിലുണ്ടായിരുന്നത് പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷണം തന്നെയായിരുന്നു ഉദ്ദേശമെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.ആസൂത്രിതമായി നടത്തിയ കൊലപാതകമെന്നാണ് ഫാത്തിമ കാസിമിന്റെ മരണവുമായി ബന്ധപ്പെട്ടുയരുന്ന സംശയം.

മൃതദേഹത്തിന് സമീപത്ത് മുളകുപൊടി എറിഞ്ഞതും വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് കൃത്യം നടത്തിയതും പ്രതികള്‍ വീടിന് സമീപത്ത് കറങ്ങിനടന്നെന്നതും പൊലീസ് ഇങ്ങനെ സംശയിക്കാന്‍ കാരണമാണ്. ശനിയാഴ്ച്ച പകല്‍ പതിനൊന്നിനും നാല് മണിക്കും ഇടയിലാണ് കൊലപാതകം നടന്നത്. വൈകീട്ട് നാല് മണിക്ക് ശേഷം ഫാത്തിമയുടെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് ഉമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *