സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. എറണാകുളം ജില്ലാ പ്രിന്‍സിപ്പള്‍ സെക്ഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ മൊഴിയുടെ പകര്‍പ്പ് ക്രൈംബ്രാഞ്ചിന് നല്‍കരുതെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. രഹസ്യമൊഴി ക്രൈം ബ്രാഞ്ചിന് നല്‍കരുതെന്നാണ് ഇഡിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടത്.

ക്രൈംബ്രാഞ്ചിന് എന്തിനാണ് മൊഴിയുടെ പകര്‍പ്പെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്ത് കൊണ്ടുവരാന്‍ രഹസ്യമൊഴി പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

അതേസമയം സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്തുപോയത് എങ്ങനെയാണെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സ്വപ്നയുടെ അഭിഭാഷകര്‍ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു.

വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ഭീഷണി നേരിടുന്നു. സംസ്ഥാനത്തെ പൊലീസിനെ വിശ്വാസമില്ല. കേന്ദ്രം സുരക്ഷ ഉറപ്പാക്കണമെന്നും സ്വപ്ന കോടതിയില്‍ ആവശ്യപ്പെട്ടു. സുരക്ഷ ആവശ്യപ്പെട്ടുള്ള സ്വപ്‌നയുടെ ഹര്‍ജി 22ന് പരിഗണിക്കാനായി മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *