സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവത്തില്‍ പ്രതിഷേധം രൂക്ഷം


നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നു. ഒരുതവണ അനിഷ്ടത്തോടെ മാറിയിട്ടും രണ്ടാം തവണയും ആവര്‍ത്തിച്ചതാണ് പലരേയും പ്രകോപിച്ചത്. ഒരു സ്ത്രീയോടും പെരുമാറാന്‍ പാടില്ലാത്ത കാര്യമാണ് സുരേഷ് ഗോപി ചെയ്തതെന്ന് സോഷ്യല്‍ മീഡിയയില്‍ ഭൂരിപക്ഷംപേരും പ്രതികരിച്ചു.പരസ്യമായി ഈ രീതിയില്‍ പെരുമാറിയ നടനെതിരെ ലൈംഗിക അതിക്രമത്തിന് കേസെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


സുരേഷ് ഗോപി മാപ്പു പറയണമെന്നും വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയനും അറിയിച്ചു. നടനെതിരെ മാധ്യമപ്രവര്‍ത്തകയും പരാതി നല്‍കിയേക്കും.കഴിഞ്ഞദിവസം കോഴിക്കോട് തളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് വിവാദ സംഭവം നടന്നത്. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സുരേഷ് ഗോപിയോട് അനിഷ്ടം പ്രകടിപ്പിച്ച യുവതി പിറകോട്ട് മാറുകയായിരുന്നു. എന്നാല്‍, സുരേഷ് ഗോപി വീണ്ടും ചുമലില്‍ കൈവെച്ചതോടെ മാധ്യമപ്രവര്‍ത്തക കൈയ്യെടുത്തു മാറ്റി.


ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയുടെ പ്രവൃത്തിയില്‍ അനിഷ്ടം പ്രകടിപ്പിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്തില്ല.വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തി. വഷളത്തരമാണ് സുരേഷ് ഗോപി കാട്ടിയതെന്നും മാപ്പു പറഞ്ഞാല്‍ മാത്രം തീരുന്ന പ്രശ്‌നമല്ല ഇതെന്നും പലരും പ്രതികരിച്ചു. സുരേഷ് ഗോപിയുടെ അടുത്തുചെല്ലാന്‍ ഇനിയൊരു മാധ്യമപ്രവര്‍ത്തകയ്ക്ക് താത്പര്യമുണ്ടാകില്ലെന്നും അവര്‍ പറയുന്നു.



Sharing is Caring