ബജറ്റ് പ്രതീക്ഷ അസ്ഥാനത്തായതോടെ കടുത്ത നടപടികളിലേക്ക് കടക്കാൻ സപ്ലൈകോ. വിൽപന കുറവുള്ള ഔട്ട്ലൈറ്റുകൾ അടച്ചുപൂട്ടാനൊരുങ്ങുന്നു. ഇത്തരം ഔട്ട്ലെറ്റുകൾ കണ്ടെത്താൻ സപ്ലൈകോ കണക്കെടുപ്പ് തുടങ്ങി.സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആർ അനിൽ രംഗത്തെത്തിയിരുന്നു. സപ്ലൈകോക്ക് പണം ഇല്ലാത്തത്തിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്. ബജറ്റിൽ കുടിശ്ശിക തീർക്കാനും സഹായം ഇല്ലാത്തതും മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു.
ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെഎൻ ബാലഗോപാലിന് കൈ കൊടുക്കാനും ജിആർ അനിൽ വിസമ്മതിച്ചു.ബജറ്റിലെ അതൃപ്‌തി കെഎൻ ബാലഗോപാലിനെ അറിയിക്കാൻ ഒരുങ്ങുകയാണ് മന്ത്രി അനിൽ. സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്തതിൽ നേരത്തെ മന്ത്രിസഭാ യോഗത്തിലും ജി.ആർ.അനിൽ പരാതി പറഞ്ഞിരുന്നു. ബജറ്റിലും അവഗണിച്ചെന്നാണ് പരാതി. റവന്യൂ, ഭക്ഷ്യ, കൃഷി, മൃഗസംരക്ഷ വകുപ്പ് മന്ത്രിമാർക്കും ബജറ്റിനോട് എതിർപ്പുണ്ട്. വകുപ്പുകൾക്ക് അനുവദിച്ച വിഹിതം കുറഞ്ഞുപോയെന്നാണ് സിപിഐ മന്ത്രിമാരുടെ പരാതി.