എം റിജു
തൃശൂര്‍: മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്’ എന്ന ചിത്രത്തിലെ അരിപ്രാഞ്ചിയെ ഓര്‍മ്മയില്ലെ. ആ കഥക്ക് സമാനമായ ഒരു ജീവിതമാണ് കഴിഞ്ഞ ദിവസം തട്ടിപ്പുകേസില്‍ അറസ്റ്റിലായ ടി.എ.സുന്ദര്‍മേനോന്റെത്. സിനിമയിലെ പ്രാഞ്ചിയേട്ടന്‍ നിഷ്‌ക്കളങ്കനായിരുന്നെങ്കില്‍ ഇവിടെ മേനോനെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്.
അതാത് കാലത്ത് ഭരണനേതൃത്വത്തിലുള്ളവരെ ചാക്കിട്ട് കാര്യങ്ങള്‍ നടപ്പാക്കുകായിരുന്നു, സുന്ദര്‍മേനോന്റെ രീതി. യുപിഎ സര്‍ക്കാറിലും എന്‍ഡിഎ സര്‍ക്കാറിലും, യുഡിഎഫിലും, എല്‍ഡിഎഫിലുമെല്ലാം അയാള്‍ക്ക് ഒരുപോലെ പിടിയുണ്ട്. ഇപ്പോള്‍ അകത്തായതോടെ മേനാന്‍ നടത്തിയ തരികിടകള്‍ ഒന്നൊന്നായി പുറത്തുവരികയാണ്.

ഇരട്ടി നല്‍കാമെന്ന വാഗ്ദാനത്തില്‍ തട്ടിപ്പ്
മേനോന്റെ ഹീവാന്‍ ഫിനാന്‍സ് കമ്പനി നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത്. 2016 ലാണ് പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി ഹീവാന്‍ ഫിനാന്‍സ്, ഹീവാന്‍ നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ തുടങ്ങുന്നത്. വിവിധ പദ്ധതികളിലായി 12 മുതല്‍ 15 ശതമാനം വരെയും ഓരോ വര്‍ഷവും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വന്‍ വാഗ്ദാനങ്ങളുമാണു കമ്പനി നല്‍കിയത്. 5 വര്‍ഷം കൂടുമ്പോള്‍ ഇരട്ടി നല്‍കാമെന്ന വാഗ്ദാനത്തിലാണു കോടികളുടെ നിക്ഷേപങ്ങള്‍ സ്വീകരിച്ചത്.
ജില്ലയിലും പുറത്തുമായി ഇരുപതിലേറെ ശാഖകളും ആയിരക്കണക്കിനു നിക്ഷേപകരുമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ 2023 ഏപ്രില്‍ മുതല്‍ നിക്ഷേപകര്‍ക്കു മുതലും പലിശയും തിരിച്ചുകിട്ടാതായതോടെ വ്യാപക പരാതി ഉയര്‍ന്നു. പണം തിരികെ ചോദിച്ചവര്‍ക്കു വണ്ടിച്ചെക്ക് നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. 7.78 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ് അന്വേഷിക്കുന്ന തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി നിക്ഷേപങ്ങള്‍ സ്വീകരിച്ചെന്നും കാലാവധി കഴിഞ്ഞിട്ടും നിക്ഷേപമോ പലിശയോ തിരികെ നല്‍കിയില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ആദ്യഘട്ടത്തില്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ റജിസ്‌ട്രേഷന്‍ ചെയ്ത 18 കേസുകള്‍ പ്രതിക്കെതിരെ ഉണ്ടായിരുന്നു. പിന്നീടു കേസുകള്‍ ‘സി ബ്രാഞ്ച്’ അന്വേഷിക്കുകയും തുടര്‍ന്നു ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. നിലവില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളുണ്ടെന്നാണു വിവരം.
പത്മശ്രീയും വിവാദത്തില്‍
ഹീവാന്‍ നിധിയുടെ ചെയര്‍മാനായിരുന്ന സുന്ദര്‍മേനോനു 2016- ല്‍ പത്മശ്രീ ലഭിച്ചിരുന്നു. ആ സമയത്തുതന്നെ ഇത് വിവാദമായിരുന്നു. എന്നാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ ഒരുപോലെ സ്വാധീനിച്ചാണ് മേനോന്‍ ഇത് നേടിയെടുത്തത്. പത്മശ്രീക്കുവേണ്ടി കൊടുത്ത സുന്ദര്‍മോനോന്റെ ബയോഡാറ്റയും വിവാദമായി. പ്രാഞ്ചിയേട്ടന്‍ സിനിമാ മോഡലില്‍ ഇല്ലാത്ത കാര്യങ്ങളാണ് അതില്‍ എഴുതി നിറച്ചിരിക്കുന്നത്.
യുഎഇ ആസ്ഥാനമായുള്ള സണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ സ്ഥാപകനാണ്. ബഡ്‌സ് ആക്ട് പ്രകാരം പ്രതിയുടെയും മറ്റു ഡയറക്ടര്‍മാരുടെയും സ്വത്തുക്കള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇവ കണ്ടുകെട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കൂടിയായ പുഴയ്ക്കല്‍ ശോഭ സിറ്റി ടോപ്പാസ് ഫ്ളാറ്റില്‍ താമസിക്കുന്ന സുന്ദര്‍ സി മേനോനെ തൃശൂര്‍ സിറ്റി ജില്ല ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. പ്രതിയുടെയും മറ്റു ഡയരക്ടര്‍മാരുടെയും സ്വത്തുക്കള്‍ മരവിപ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി പുതൂര്‍ക്കര പുത്തന്‍വീട്ടില്‍ ബിജുമണികണ്ഠന്‍ നിലവില്‍ ജയലിലാണ്.













