സ്പോർട്സ് കേരള ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പുകൾക്ക് തുടക്കമായി

തിരുവനന്തപുരം: കുട്ടികളിൽ കായിക അഭിനിവേശം വളർത്തുന്നതിനും അവരുടെ കായിക മാനസിക ശേഷി പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ കേരളത്തിലെ വിവിധ ജില്ലകളിൽ സംഘടിപ്പിക്കുന്ന രണ്ടു മാസം നീണ്ടു നിൽക്കുന്ന വേനൽക്കാല ക്യാമ്പുകൾക്ക് തുടക്കമായി. ടെന്നിസ്, ഷൂട്ടിങ്, നീന്തല്‍, ജിംനാസ്റ്റിക്‌സ്, ടേബിള്‍ ടെന്നീസ്, കരാട്ടെ, ബാഡ്മിന്റണ്‍, ബോക്സിങ് , ജൂഡോ തുടങ്ങി പത്തോളം കായിക ഇനങ്ങളിലാണ് പരിശീലനം നടക്കുന്നത്. വേനൽ ചൂട് പരിഗണിച്ചു ഫുട്ബോൾ ഒഴികയുള്ള കായികയിനങ്ങൾക്ക് ഇൻഡോർ പരിശീലനമാണ് ക്യാമ്പുകളിൽ നൽകി വരുന്നത്. ഫുട്ബോൾ പ്രത്യേകമായി രാവിലെയും വൈകിട്ടുമായാണ് പരിശീലനം ഒരുക്കിയിട്ടുള്ളത്. ദേശീയ ഗെയിംസ്, ഒളിംപിക്‌സ് എന്നിവ ലക്‌ഷ്യം വെച്ച് കൊണ്ട് മികച്ച ഒരു പിടി കായിക താരങ്ങളെ വാർത്തെടുക്കുന്നതിന് വേണ്ടിയുള്ള കായിക വകുപ്പിന്റെ ശ്രമങ്ങളുടെ ആദ്യ പടി കൂടിയാണ് സ്പോർട്സ് കേരള സംഘടിപ്പിക്കുന്ന ഈ വേനക്കാല ക്യാമ്പുകൾ.

5 മുതൽ 18 വയസ്സുവരെയുള്ള ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് നിലവിൽ കേരളത്തിലുടനീളം ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. നീന്തല്‍ പഠിക്കാനായി 420 പേരും, ബാറ്റ്മിന്റണ്‍, ജിംനാസ്റ്റിക് എന്നിവയ്ക്ക് 140 പേരും കുട്ടികളാണ് തിരുവന്തപുരത്തെ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മെയ് 31 വരെയാണ് ക്യാമ്പുകൾ. താല്പര്യമുള്ള കുട്ടികൾക്ക് ഇനിയും രജിസ്റ്റർ ചെയ്യാൻ കഴിയുന്നതാണ്.

തിരുവനന്തപുരത്തെ വെള്ളയമ്പലം ജിമ്മി ജോര്‍ജ് സ്‌പോട്‌സ് ഹബ്ബില്‍ ജൂഡോ, കുമാരപുരം ടെന്നീസ് അക്കാദമിയില്‍ ടെന്നീസ്, വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ ഷൂട്ടിംഗ്, ടേബിള്‍ ടെന്നീസ്, ജി വി രാജ സ്‌കൂള്‍ മൈലം, വി ആർ കൃഷ്ണയ്യർ സ്റ്റേഡിയം തലശ്ശേരി, ഇ എം എസ് സ്റ്റേഡിയം നീലേശ്വരം എന്നിവിടങ്ങളിൽ ഫുട്ബോൾ എന്നിങ്ങനെ കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. പ്രഗത്ഭരായ കൊച്ചന്മാരുടെ സേവനവും ഇവിടെ ഉണ്ട്. കൂടാതെ, സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടപ്പിലാക്കി വരുന്ന പഞ്ച് സെന്ററുകളില്‍ ബോക്സിംഗ് പരിശീലനവും ജുഡോക്ക സെന്ററുകളില്‍ ജൂഡോയും പരിശീലനം നല്‍കുന്നുണ്ട്. രജിസ്ട്രേഷനായി വിളിക്കുക: 6282902473/sportskeralasummercamp.in

Spread the love

Leave a Reply

Your email address will not be published. Required fields are marked *