കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചാവേര്‍ ആക്രമണം

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടെന്നും 27 പേര്‍ക്ക് പരിക്കേറ്റെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പ്രവേശന പരീക്ഷ നടക്കുന്ന കാജ് എജ്യുക്കേഷന്‍ സെന്ററിന് നേരെയാണ് അക്രമം ഉണ്ടായത്. പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ഥികളാണ് സെന്ററില്‍ ഉണ്ടായിരുന്നതെന്ന് കാബൂള്‍ സുരക്ഷ കമാന്‍ഡ് വക്താവ് ഖാലിദ് സദ്രാന്‍ പറഞ്ഞു.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഒരു ആശുപത്രി മരണസംഖ്യ 23 ആണെന്നും താലിബാന്‍ വൃത്തങ്ങള്‍ മരണസംഖ്യ 33 ആണെന്നും അവകാശപ്പെടുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ഫോടനസ്ഥലത്ത് നിന്ന് പരിക്കേറ്റ 15 പേരെയും 9 മൃതദേഹങ്ങളേയും നീക്കാന്‍ കഴിഞ്ഞെന്നും മറ്റ് മൃതദേഹങ്ങള്‍ ക്ലാസ് മുറിക്കുള്ളില്‍ കസേരകള്‍ക്കും മേശകള്‍ക്കുമിടയില്‍ കുടുങ്ങി കിടക്കുകയാണെന്നും പ്രദേശവാസിയായ ഗുലാം സാദിഖ് പറഞ്ഞു.

സ്ഫോടനം നടന്ന അഫ്ഗാന്റെ പടിഞ്ഞാറന്‍ മേഖലയില്‍ താമസിക്കുന്നവരില്‍ പലരും ഇസ്ലാമിക് സ്റ്റേറ്റ് മുന്‍കാല ആക്രമണങ്ങളില്‍ ലക്ഷ്യം വച്ച ഹസാര ജനതയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *