സുധീരന്റെ രാജി പിന്‍വലിക്കണമെന്നാവശ്യപ്പെടും;കെ സുധാകരന്‍

വി എം സുധീരന്റെ രാജി പിന്‍വലിക്കണമെന്നാവശ്യപ്പെടുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ‘പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ സുധീരന്റെ രാജി ഏത് സാഹചര്യത്തിലായാലും അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടും. വിവരങ്ങള്‍ അദ്ദേഹത്തെ നേരിട്ടറിയിക്കും. ഏതെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കും. വി എം സുധീരനെ കൂടി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്നാണ് എക്കാലത്തും കോണ്‍ഗ്രസും കെപിസിസിയും ആഗ്രഹിക്കുന്നതും ആലോചിക്കുന്നതും’. കെ സുധാകരന്‍ പ്രതികരിച്ചു.

വി എം സുധീരനുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും സ്വീകരിച്ച നിലപാട്. കഴിഞ്ഞ ദിവസമാണ് സുധീരന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് കോണ്‍ഗ്രസിന് പുതിയ പ്രതിസന്ധിയായി വി.എം സുധീരന്റെ രാജി.

ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍, സുധീരനെ നേരില്‍ക്കണ്ട് തര്‍ക്ക പരിഹാര ശ്രമം നടത്തും. ഇന്നും നാളെയും തിരുവനന്തപുരത്തുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും സുധീരനുമായി ആശയവിനിമയം നടത്തിയേക്കും. സംഘടനയെ ശാക്തീകരിക്കാനുള്ള നീക്കവുമായി നേതൃത്വം മുന്നോട്ട് പോകുമ്പോള്‍ സുധീരന്‍ രാജിവച്ചത് ശരിയല്ലെന്ന നിലപാടും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *