ഫ്രഞ്ച് കപ്പില്‍ കരുത്തരായ പി.എസ്.ജിക്ക് തകര്‍പ്പൻ ജയം


ഫ്രഞ്ച് കപ്പില്‍ കരുത്തരായ പി.എസ്.ജിക്ക് തകര്‍പ്പൻ ജയം. ആറാം നിര ക്ലബായ റെവലിനെ ഏകപക്ഷീയമായ ഒമ്ബതു ഗോളുകള്‍ക്കാണ് പി.എസ്.ജി തരിപ്പണമാക്കിയത്.
സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയൻ എംബാപ്പെ ഹാട്രിക് നേടി. ഇതോടെ ഫ്രഞ്ച് കപ്പില്‍ പി.എസ്.ജിക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടം എംബാപ്പെ സ്വന്തമാക്കി.


മത്സരത്തിന്‍റെ 16ാം മിനിറ്റില്‍ എംബാപ്പെയാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 45, 48 മിനിറ്റുകളിലും നായകൻ ലക്ഷ്യംകണ്ടു. 22 മത്സരങ്ങളില്‍നിന്നായി ഫ്രഞ്ച് കപ്പില്‍ എംബാപ്പെയുടെ ഗോള്‍ നേട്ടം 30 ആയി. റെവലിന്‍റെ തട്ടകമായ കാസ്ട്രെസിലെ സ്റ്റേഡ് പിയറി-ഫാബ്രെയില്‍ മത്സരത്തിന്‍റെ സമസ്ത മേഖലയിലും ലീഗ് വണ്‍ ചാമ്ബ്യന്മാരുടെ ആധിപത്യമായിരുന്നു.


കോലോ മുവാനി ഇരട്ടഗോളുകളുമായി തിളങ്ങി. 76, 90 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകള്‍. മാര്‍കോ അസെൻസിയോ (43ാം മിനിറ്റില്‍), ഗോൻസാലോ റാമോസ് (71 -പെനാല്‍റ്റി), എൻഡോര്‍ (87) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. ഒരു ഗോള്‍ റെവല്‍ താരം ഗ്യൂസ്സന്‍റെ വകയായിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും നഷ്ടപ്പെട്ട കിരീടം ഇത്തവണ കൈപിടിയിലൊതുക്കുകയാണ് പി.എസ്.ജിയുടെ ലക്ഷ്യം.

2022ല്‍ നീസിനോടും 2023ല്‍ മാഴ്സലയോടുമാണ് പരാജയപ്പെട്ടത്. സീസണിലെ തങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണ് ഫ്രഞ്ച് കപ്പെന്ന് പരിശീലകൻ ലൂയിസ് എൻറിക്വെ പറഞ്ഞു.



Sharing is Caring