
പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രിയിൽ തെരുവുനായ ശല്യം രൂക്ഷം. രോഗികളുടെ കൂട്ടിരിപ്പുകാർക്കാണ് തെരുവ് നായ്ക്കൾ ഭീഷണിയാകുന്നത്. തെരുവ് നായ്ക്കളുടെ ശല്യം കാരണം മരുന്നോ വെള്ളമോ വാങ്ങാൻ പോലും പുറത്തേക്ക് പോകാൻ ഭയമാണെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞു. ആശുപത്രി ജീവനക്കാർക്കും തെരുവ് നായകൾ ഭീഷണി ഉയർത്തുന്നുണ്ട്. പുറത്തേക്ക് ഇറങ്ങുമ്പോൾ വടിയും കല്ലും ഉപയോഗിച്ച് തെരുവ് നായ്ക്കളെ തുരത്തേണ്ടി വരുന്ന അവസ്ഥയാണെന്നും ആശുപത്രി പരിസരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ടയറുകളും കേബിളുകളും നായകൾ കടിച്ച് നശിപ്പിക്കുകയാണെന്നും ജീവനക്കാരും കൂട്ടിരിപ്പുകാരും ആരോപിച്ചു.
തെരുവു നായകൾ തമ്മിലുള്ള കടിപിടിയും ആശുപത്രി കോമ്പൗണ്ടിൽ പതിവാണെന്നും അവർ പറഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു പത്തനംതിട്ട തിരുവല്ല റവന്യൂ ടവര്‍ പരിസരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റത്.
ഇരുവരും ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ട്രഷറിയുടെ സമീപത്ത് വെച്ച് മനോജ് എന്നയാളുടെ കൈപ്പത്തിയും കാല്‍പ്പാദവും തെരുവുനായ കടിച്ചു പറിക്കുകയായിരുന്നു. മനോജിൻ്റെ ബഹളം കേട്ട് രക്ഷിക്കാന്‍ റവന്യൂ ടവറില്‍ നിന്നും ഓടിയെത്തിയ രാജുവിനെയും തെരുവുനായ ആക്രമിച്ചു. രാജുവിന്‌റെ തുടയുടെ പിന്‍ഭാഗത്താണ് കടിയേറ്റത്. ഉടന്‍ തന്നെ കൈയ്യിലിരുന്ന കുട ഉപയോഗിച്ച് രാജു നായയെ അടിച്ച് ഓടിക്കുകയായിരുന്നു.

